കോമൺവെൽത്ത് വനിതാ പാർലമെൻ്റെറിയൻമാരുടെ (CWP) ഇന്ത്യാ മേഖലാ സമ്മേളനത്തിന് നവംബർ 17, 18 തീയതികളിൽ ബെംഗളൂരു വേദിയാകും. രാജ്യത്ത് ആദ്യമായാണ് കോമൺവെൽത്ത് വനിതാ പാർലമെൻ്റെറിയൻമാരുടെ പ്രത്യേക മേഖലാ സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യൻ പാർലമെന്റിൻ്റെയും കർണാടക നിയമസഭയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് സമ്മേളനം.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 150ഓളം വനിതാ എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ, നിയമസഭാ അധ്യക്ഷരും ഉപാധ്യക്ഷരുമടക്കമുള്ള ജനപ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള 15 മുതൽ 20 വരെ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘സുരക്ഷിതമായ അടിത്തറ, ശക്തമായ ശബ്ദങ്ങൾ: പുതിയ വനിതാ നിയമനിർമാതാക്കൾക്ക് സൈബർ സുരക്ഷയും മാർഗനിർദേശവും’ എന്നതാണ് സമ്മേളനത്തിൻ്റെ പ്രധാന പ്രമേയം.

ലോക്സഭാ സ്പീക്കർ ഓം ബിർളയും കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ചേർന്ന് നവംബർ 17ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്, കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കോമൺവെൽത്ത് വനിതാ പാർലമെന്റേറിയൻമാരുടെ ഇന്ത്യാ മേഖലാ അധ്യക്ഷ ഡി. പുരന്ദേശ്വരി തുടങ്ങിയവരും പങ്കെടുക്കും.

സ്ത്രീകൾക്കെതിരായ സൈബർ അതിക്രമങ്ങൾ, സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ, വ്യാജ അക്കൗണ്ടുകൾ വഴിയുള്ള പ്രചാരണങ്ങൾ, ഓൺലൈൻ പീഡനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ ദുരുപയോഗം, ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉയർത്തുന്ന ഭീഷണികൾ, വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ എന്നിവ സമ്മേളനത്തിൽ പ്രധാന ചർച്ചാവിഷയങ്ങളാകും.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട വനിതാ ജനപ്രതിനിധികൾക്ക് നിയമനിർമാണ നടപടികൾ, നയരൂപീകരണം, നിയമസഭാ ചർച്ചകളിലെ ഫലപ്രദമായ പങ്കാളിത്തം, നേതൃത്വവികസനം തുടങ്ങിയ മേഖലകളിൽ പരിചയസമ്പന്നരായ വനിതാ ജനപ്രതിനിധികളുടെ മാർഗനിർദേശം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും ചർച്ച ചെയ്യും.

വനിതകളുടെ രാഷ്ട്രീയ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനൊപ്പം ഭരണനിർവഹണത്തിലും നിയമനിർമാണത്തിലും അവരുടെ പങ്കാളിത്തവും നേതൃത്വശേഷിയും ശക്തിപ്പെടുത്തുകയാണ് സമ്മേളനത്തിൻ്റെ ലക്ഷ്യം. നവംബർ 14ന് സമ്മേളനത്തിൻ്റെ മുന്നോടിയായി ബെംഗളൂരുവിൽ കർട്ടൻ റെയ്‌സർ പരിപാടി സംഘടിപ്പിക്കും. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഡി. പുരന്ദേശ്വരിയും ചേർന്ന് സമ്മേളനത്തിൻ്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്യും.

നവംബർ 18ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗവർണർ സുധാ യാദവ് പങ്കെടുക്കും. സമ്മേളനത്തിൻ്റെ ഭാഗമായി നവംബർ 19ന് പ്രതിനിധികൾ മൈസൂരുവും ചാമുണ്ഡി കുന്നും സന്ദർശിക്കും.

Related Posts