സംസ്ഥാന സർക്കാരിൻ്റെ മികച്ച യുവകർഷകനുള്ള പുരസ്കാരം നേടിയ ധനേഷ് എസ്. നായർ ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തമാക്കി കൃഷിവകുപ്പ്. ഇയാളുടെ പശ്ചാത്തലവും പുരസ്കാരം ലഭിക്കുന്നതിനുള്ള യോഗ്യതയും വിശദമായി പരിശോധിക്കാൻ കൃഷിവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.
അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം പുരസ്കാരം തിരിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. പുരസ്കാര നിർണയത്തിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ കേരളത്തിലെ കർഷക സമൂഹത്തോടുള്ള വലിയ അനാദരവാണ് ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.
2023-ലെ മികച്ച യുവകർഷക പുരസ്കാരം നേടിയ ഹരിപ്പാട് പായിപ്പാട് സ്വദേശി ധനേഷ് എസ്. നായർ (31) ആണ് കഴിഞ്ഞ ദിവസം അങ്കമാലിയിൽ പോലീസിൻ്റെ പിടിയിലായത്. ലഹരിമരുന്ന് ഇടപാടുകൾക്കിടയിൽ ‘ഡാനി ഭായ്’ എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നതെന്നാണ് റിപ്പോർട്ട്.
ജർമനിയിൽ നിന്ന് അഗ്രിബിസിനസിൽ ബിരുദം നേടിയ ധനേഷ്, കൃഷിയുടെ മറവിൽ ലഹരിക്കടത്ത് നടത്തിയിരുന്നതായാണ് പോലീസിൻ്റെ കണ്ടെത്തൽ. ഇയാളിൽ നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ആലുവ ഡിവൈഎസ്പി ബൈജു പൗലോസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൈസൂരുവിന് സമീപം നഞ്ചൻഗുഡുവിൽ വാഴത്തോട്ടവും കൃഷിയിടങ്ങളും സ്വന്തമായുള്ള ധനേഷ് ഇവയുടെ മറവിൽ ലഹരിക്കടത്ത് നടത്തിയിരുന്നതായാണ് പോലീസ് കണ്ടെത്തൽ.
സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ കാർഷിക പുരസ്കാരങ്ങളുടെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും പരിശോധനാ നടപടികളും കൂടുതൽ കർശനമാക്കാനുള്ള നീക്കത്തിലാണ് കൃഷിവകുപ്പ്.