പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനങ്ങൾ ഓടിക്കുന്ന സംഭവങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്നതിലും അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിലും രക്ഷിതാക്കൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. കുട്ടികളുടെ ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
കുട്ടികളുടെ ഭാഗത്തുനിന്നുള്ള നിയമലംഘനങ്ങൾക്ക് അവരെ മാത്രം കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും അവരെ നിയന്ത്രിക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ വാഹനങ്ങൾ വിൽക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ രക്ഷിതാക്കൾ സ്വീകരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം, സ്വകാര്യ ബസുകളുടെ മത്സരയോട്ടവുമായി ബന്ധപ്പെട്ട വിഷയത്തിലും മന്ത്രി പ്രതികരിച്ചു. മത്സരയോട്ടത്തിൻ്റെ പേരിൽ സ്വകാര്യ ബസുകളെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും ബസുകളുടെ നിലവിലെ സമയക്രമത്തിലെ അപാകതകളാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യ ബസുകളുടെ സമയക്രമം പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള സമയക്രമം പ്രായോഗികമാണോ എന്ന കാര്യം പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി അറിയിച്ചു.