ആലപ്പുഴയിൽ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആർടിസിയുടെ പുതിയ വോൾവോ എക്സിക്യൂട്ടീവ് സെമി സ്ലീപ്പർ സർവീസ് ഇന്ന് മുതൽ ആരംഭിക്കും. വൈകീട്ട് അഞ്ചിന് ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ ആലപ്പുഴ എംപി കെ. സി. വേണുഗോപാൽ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും.
സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്പെൻഷൻ, ശുചിമുറി, ഓരോ സീറ്റിനും പിന്നിൽ പ്രത്യേക സ്ക്രീൻ, മൊബൈൽ ചാർജിങ് സൗകര്യം, ബോട്ടിൽ ഹോൾഡർ, ലഗേജ് റാക്ക് തുടങ്ങിയ സൗകര്യങ്ങളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. ഓരോ നിരയിലും രണ്ട് സീറ്റുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.
ആലപ്പുഴയിൽ നിന്ന് വൈകീട്ട് 5.30ന് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂർ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേന്ന് രാവിലെ 5.55ന് ബംഗളൂരുവിലെത്തും. ബംഗളൂരുവിൽ നിന്ന് രാത്രി 8ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 8ന് ആലപ്പുഴയിലെത്തും.
നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം, കഫെറ്റീരിയ, പാൻട്രി തുടങ്ങിയ സൗകര്യങ്ങളോടെയാണ് കെഎസ്ആർടിസിയുടെ പുതിയ ‘എക്സിക്യൂട്ടീവ് ക്ലാസ്’ സർവീസ് എത്തുന്നത്.
ഓൺലൈൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റുകൾ KSRTC Swift ഓൺലൈൻ ബുക്കിങ് വെബ്സൈറ്റ് വഴിയോ 9447071021 എന്ന വാട്സ്ആപ്പ് നമ്പർ വഴിയോ ബുക്ക് ചെയ്യാം.