അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. നാളെ മൃതദേഹം നാട്ടിൽ എത്തിക്കും എന്നാണ് വിവരം. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ് രഞ്ജിത. അമ്മ തുളസിയുടെ രക്തസാമ്പിൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്ക് ശനിയാഴ്ച കൊണ്ടുപോയിരുന്നു. രഞ്ജിതയുടെ ഇളയ സഹോദരൻ രതീഷിനെ നേരത്തെ അഹമ്മദാബാദിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്തിയെങ്കിലും സ്ഥിരീകരിക്കാൻ ആയില്ല.
രഞ്ജിതയുടെ വിയോഗം പ്രവാസ ജീവിതത്തിൻ്റെ അവസാനമാസങ്ങൾ പൂർത്തിയാക്കാനുള്ള ഒരുക്കങ്ങളുമായി ലണ്ടനിലേക്ക് മടങ്ങവേയാണ്. രഞ്ജിത വിദേശത്തുപോയത് ജീവിത പ്രതിസന്ധികൾക്കിടയിലാണ്. കുവൈത്തിലും മറ്റുമായി വർഷങ്ങൾ ജോലി ചെയ്തു. പിഎസ്സി വഴി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ലഭിച്ച ജോലിയിലെ അവധി പുതുക്കാനാണ് ലണ്ടനിൽ നിന്ന് 5 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. കുടുംബവീടിന് സമീപത്ത് വീടുപണി ഏറെക്കുറെ പൂർത്തിയായി. ആഗസ്തിൽ സർക്കാർ ജോലിയിൽ പ്രവേശിച്ച് ഗൃഹപ്രവേശം നടത്താനിരിക്കെയാണ് രഞ്ജിതയുടെ മരണം.