അതിവേഗ നഗരവൽക്കരണവും കെട്ടിടനിർമാണവും പച്ചപ്പിൻ്റെ കുറവും തുടരുമ്പോഴും ബെംഗളൂരു അർബൻ ജില്ലയിൽ 241 ഇനം പക്ഷികളുടെ സാന്നിധ്യം കണ്ടെത്തി. കർണാടകയിൽ ആദ്യമായി സംഘടിപ്പിച്ച രാജ്യോത്സവ പക്ഷി സർവേയിലാണ് ഈ കണ്ടെത്തൽ. സംസ്ഥാനത്താകെ 407 ഇനം പക്ഷികളെ നിരീക്ഷകർ രേഖപ്പെടുത്തി.
ഒക്ടോബർ 30 മുതൽ നവംബർ 2 വരെ നാല് ദിവസങ്ങളിലായി നടന്ന സർവേയിൽ 2,252 പക്ഷിനിരീക്ഷകർ പങ്കെടുത്തു. ഇവർ ഇ-ബേർഡ് (eBird) പോർട്ടലിൽ 8,223 നിരീക്ഷണ പട്ടികകൾ സമർപ്പിച്ചു. ബേർഡ് കൗണ്ട് ഇന്ത്യയും കർണാടക ബേർഡ് മോണിറ്ററിങ് നെറ്റ്വർക്കും വനംവകുപ്പിൻ്റെയും ഇ-ബേർഡ് ഇന്ത്യയുടെയും സഹകരണത്തോടെയാണ് സർവേ സംഘടിപ്പിച്ചത്.
300 ഇനം പക്ഷികളെ കണ്ടെത്തിയ ഉത്തര കന്നഡയാണ് പട്ടികയിൽ ഒന്നാമത്. 260 ഇനങ്ങളുമായി മൈസൂരു രണ്ടാം സ്ഥാനത്തും 241 ഇനങ്ങളുമായി ബെംഗളൂരു അർബൻ മൂന്നാം സ്ഥാനത്തുമാണ്. ബെംഗളൂരുവിൽ 341 നിരീക്ഷകർ പങ്കെടുത്ത് 788 പട്ടികകൾ സമർപ്പിച്ചു. സംസ്ഥാനത്തെ ജില്ലകളിൽ ഏറ്റവും കൂടുതൽ പങ്കാളിത്തവും പട്ടികകളും ബെംഗളൂരുവിലായിരുന്നു.
നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങളിലെ ജലാശയങ്ങളും ബാനർഘട്ട, കനകപുര റോഡ് ഭാഗങ്ങളിലെ വനമേഖലകളുമാണ് പക്ഷികളുടെ സാന്നിധ്യത്തിന് പ്രധാന പിന്തുണ നൽകുന്നതെന്ന് സർവേ കോർഡിനേറ്റർ വിഘ്നേഷ് ഭട്ട് വ്യക്തമാക്കി.
ഏഷ്യൻ കുയിൽ, വീട്ടുകുരുവി, ചാരക്കൊക്ക്, വലിയ കൊക്ക്, മയിൽ, ഇന്ത്യൻ റോളർ, പാരഡൈസ് ഫ്ലൈകാച്ചർ തുടങ്ങിയ പക്ഷികളെയും നിരീക്ഷകർ കണ്ടെത്തി. ബെംഗളൂരു അർബൻ ജില്ലയിൽ മാത്രം രേഖപ്പെടുത്തിയ ഓറഞ്ച് ബ്രെസ്റ്റഡ് ഗ്രീൻ പിജിയൺ എന്ന പക്ഷിയുടെ സാന്നിധ്യവും ശ്രദ്ധേയമായി.
സംസ്ഥാനത്തുടനീളം 52 ഇനം പക്ഷികളെ എല്ലാ നിരീക്ഷണ മേഖലകളിലും കണ്ടെത്തി. ഇവയെ കർണാടകയുടെ സാധാരണ പക്ഷികളായി വിശേഷിപ്പിച്ചു. അതേസമയം, 32 ഇനം പക്ഷികളെ ഓരോ ജില്ലയിൽ മാത്രമാണ് രേഖപ്പെടുത്തിയത്.
നഗരത്തിലെ പക്ഷിവൈവിധ്യം സംരക്ഷിക്കാൻ ജലാശയങ്ങളും മരങ്ങളും വനമേഖലകളും നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യമാണ് സർവേ വ്യക്തമാക്കുന്നത്. സാധാരണ ജനങ്ങൾക്കിടയിൽ പക്ഷിനിരീക്ഷണവും പ്രകൃതി സംരക്ഷണ ബോധവും വളർത്തുകയാണ് ഇത്തരം പരിപാടികളുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.