വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ 29കാരൻ മരിച്ചു. കുമാരപുരം തയ്യിൽ പടീറ്റതിൽ മംഗളൻ സി ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെ ഹൊസ്‌കെരഹള്ളിയിലാണ് അപകടം നടന്നത്.

ഭക്ഷണം കഴിച്ചശേഷം സുഹൃത്തിനൊപ്പം ബൈക്കിൽ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മംഗളനൊപ്പം യാത്ര ചെയ്തിരുന്ന കുമാരപുരം കൊപ്പാറ കിഴക്കതിൽ വിഷ്ണു (29)ക്കും പരിക്കേറ്റു. വിഷ്ണു ആശുപത്രിയിൽ ചികിത്സയിലാണ്.

താമല്ലാക്കൽ ഫ്രണ്ട്സ് വെജിറ്റബിൾ കടയിലെ ജീവനക്കാരനായിരുന്ന മംഗളൻ ഒരാഴ്ച മുമ്പാണ് ബെംഗളൂരുവിലെത്തിയത്. പുതിയ ജീവിതം പ്രതീക്ഷിച്ച് ബെംഗളൂരുവിലെത്തിയ യുവാവിൻ്റെ അപ്രതീക്ഷിത വിയോഗത്തിൻ്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.

പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്കരിക്കും. പരേതനായ ചന്ദ്രനാണ് പിതാവ്. മാതാവ് അനിത. സഹോദരി കൽപ്പന.

Related Posts