മലയാള ഭാഷയ്ക്കും സംസ്കാരത്തിനും വിവിധ മേഖലകളിൽ സംഭാവനകൾ നൽകുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനായി അക്ഷയ പുസ്തകനിധി ഏർപ്പെടുത്തിയ ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ദൂരവാണി നഗർ കേരള സമാജത്തിനാണ് മികച്ച മലയാളി സമാജത്തിനുള്ള പുരസ്കാരം.
വിവിധ മേഖലകളിൽ നിന്നായി അഞ്ച് പുരസ്കാര ജേതാക്കളെയാണ് തിരഞ്ഞെടുത്തത്.
മികച്ച മലയാളി സമാജം: ദൂരവാണി നഗർ കേരള സമാജം, ബെംഗളൂരു.
ആയുർവേദം: അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ്, തൃശൂർ (വൈദ്യരത്നം ഗ്രൂപ്പ് എം.ഡി).
മറുനാടൻ പത്രപ്രവർത്തനം: എ.ജെ. ഫിലിപ്പ്, ന്യൂഡൽഹി (കേരള ക്ലബ് പ്രസിഡണ്ട്).
സാഹിത്യം: ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാൻ, ബെംഗളൂരു (പട്ടാളജീവിത ആഖ്യാനം).
വന്ധ്യതാ ചികിത്സ: ഡോ. സബൈൻ ശിവദാസൻ, മൂവാറ്റുപുഴ.
പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2027 ജനുവരി ആദ്യവാരം ബെംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ഡോ. എം. ലീലാവതി, വൈശാഖൻ, പായിപ്ര രാധാകൃഷ്ണൻ എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
ഫ്രണ്ട്സ് കൾച്ചറൽ സൊസൈറ്റി ഖത്തർ, അബുദാബി മലയാളി സമാജം, ഡൽഹി മലയാളി സമാജം, ബഹ്റൈൻ കേരളീയ സമാജം തുടങ്ങിയ സംഘടനകളും വി.കെ. മാധവൻകുട്ടി, പി. ഭാസ്കരൻ, വിഷ്ണുനാരായണൻ നമ്പൂതിരി, കൈതപ്രം, ടി.കെ.എ. നായർ, ഓംചേരി തുടങ്ങിയ പ്രമുഖരും മുൻ വർഷങ്ങളിൽ അക്ഷയ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്.
മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും സാംസ്കാരിക പ്രവർത്തനങ്ങളുടെയും പ്രചാരണത്തിന് നൽകിയ സംഭാവനകളെ ആദരിക്കുന്നതാണ് അക്ഷയ ദേശീയ പുരസ്കാരങ്ങൾ.