അജ്ഞത സ്ത്രീയുടെ മൃതദേഹം കൈയും കാലും കെട്ടി ചാക്കില്‍നിറച്ച് തള്ളിയ നിലയില്‍ ബെംഗളൂരു കോര്‍പ്പറേഷൻ്റെ (ബിബിഎംപി) മാലിന്യലോറിയില്‍ കണ്ടെത്തി. 30-നും 35-നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനായിട്ടില്ല.

ബെംഗളൂരു ബനശങ്കരിക്കടുത്ത് ചെന്നമ്മനകെരെ അച്ചുകാട്ട് മൈതാനത്തിനുസമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ ഞായറാഴ്‌ച പുലർച്ചെ 1.45-ഓടെയാണ് മൃതദേഹം കണ്ടത്. ഒരു സ്വകാര്യ കമ്പനിയുടെ യൂണിഫോമായ ടി ഷർട്ടും പാന്റ്സുമാണ് ധരിച്ചിരുന്നത്. കൊലപാതകത്തിനു മുൻപ് ലൈംഗിക പീഡനത്തിനിരയായിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു.

ചാക്കിൻ്റെ ആകൃതിയിൽ സംശയം തോന്നിയതിനെത്തുടർന്ന് മാലിന്യം നിക്ഷേപിക്കാനെത്തിയ ഒരു ഐടി ജീവനക്കാരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ചാക്ക് തുറന്ന് മൃതദേഹം പുറത്തെടുത്തു. മൂക്കിൽ നിന്നും വായയുടെ സമീപമുള്ള മുറിവിൽ നിന്നും രക്തമൊഴുകുന്നുണ്ടായിരുന്നു.

ശ്വാസംമുട്ടിച്ച് യുവതിയെ കൊലപ്പെടുത്തിയതാണെന്ന് കരുതുന്നതായി പോലിസ് പറഞ്ഞു. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം അയച്ചു. മൃതദേഹം തള്ളിയത് ശനിയാഴ്‌ച രാത്രിയാണെന്ന് കരുതുന്നു. പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഈ സ്ഥലത്തു കൂടി ഒരു ഓട്ടോറിക്ഷ ചുറ്റിത്തിരിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

മൃതദേഹമെത്തിച്ചിരിക്കുക ഇതിലായിരിക്കുകയെന്നാണ് സംശയിക്കുന്നത്. ഇവിടെ കോർപ്പറേഷൻ്റെ മാലിന്യ ലോറി ദിവസവും നിർത്തിയിടാറുള്ളതാണ്. ഇത് അറിയുന്നവരാണ് മൃതദേഹം തള്ളി രക്ഷപ്പെട്ടതെന്നും സംശയിക്കുന്നു. സികെ അച്ചുകാട്ടു പോലീസാണ് കേസ് അന്വേഷിക്കുന്നത്.

Related Posts