ഒന്നരവയസുള്ള സ്വന്തം മകനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ നിധിനെ വെറുതെ കോടതി വിട്ടു. തിങ്കളാഴ്ച ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. കണ്ണൂർ തയ്യിലിൽ 2020 ഫെബ്രുവരി 17ന് നടന്ന സംഭവത്തിൽ ശരണ്യക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തതിനെ തുടർന്നാണ് രണ്ടാം പ്രതിയെ വെറുതെ വിട്ടത്. ഒന്നരവയസുള്ള മകൻ വിയാനെ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് അമ്മ കൊന്നുവെന്നാണ് കേസ്. ബന്ധത്തിന്റെ പേരിൽ നിധിൻ കൊലപാതകത്തിന് നിർബന്ധിച്ചുവെന്ന് പറയാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.