ഉരച്ച് നോക്കിയാൽപ്പോലും മനസിലാകാത്ത വ്യാജ സ്വർണ്ണം പണയം വെച്ച് പണം തട്ടുന്ന സംഘം പിടിയിൽ. ഈ മാസം 14 ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പേരൂർക്കട പൊലീസ് പിടികൂടിയത്. അമ്പലമുക്ക് എൻസിസി റോഡ് സ്വദേശി ജിത്തു എന്ന ഷെജിൻ വഴയില സ്വദേശി പ്രതീഷ് കുമാർ എന്നിവരാണ് ആദ്യം പിടിയിലായത്.
പിന്നീട് ഈ റാക്കറ്റിലെ കണ്ണികളെയും വ്യാജ സ്വർണ്ണം ഇവർക്ക് നൽകിയവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്തനംതിട്ട തണ്ണിതോട് സ്വദേശികളായ സിജു സണ്ണി. സണ്ണി എന്നിവരെയാണ് രണ്ടാമത് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് കേരളം മുഴുവൻ ഇത്തരത്തിൽ വ്യാജ സ്വർണ്ണം വിതരണം നടത്തിയിരുന്ന സംഘത്തിൻ്റെ തലവനായ അഖിൽ ക്ലീറ്റസിനെ ചാലക്കുടിയിൽ നിന്നും പിടികൂടിയത്.
അഖിൽ ക്ലീറ്റസിനെതിരെ നേരത്തേ നിരവധി തട്ടിപ്പ് കേസുകളും കൊലപാതക കേസും എൻഡിപിഎസ് കേസുകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി തട്ടിപ്പ് കേസുകളിൽ സ്മിജു സണ്ണിയും പ്രതിയാണ്. ഇനിയും വ്യാജ സ്വർണ്ണക്കേസിൽ പ്രതികൾ ഉണ്ടെന്ന സൂചന ലഭിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഉരച്ച് നോക്കിയാൽ പെട്ടെന്ന് മനസിലാകാത്ത തരത്തിൽ അതിവിദഗ്ദ്ധമായി സ്വർണ്ണം പൂശിയ നിലയിലാണ് ആഭരണങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
പേരൂർക്കട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഉമേഷ്, സബ് ഇൻസ്പെക്ടർ ജഗൻ മോഹൻ ദത്തൻ, എസ്സിപിമാരായ അജിത്ത്, അനീഷ്. സിപിഒമാരായ അരുൺ, രഞ്ജിത്ത്, ഗ്രേഡ് എസ്ഐ മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഫറാഷിൻ്റെ നിർദേശപ്രകാരം കൻ്റോൺമെന്റ് എസിപി സ്റ്റുവെർട്ട് കീലറിൻ്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.