ബലാത്സംഗക്കേസിൽ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും. വീണ്ടും കേസ് പരിഗണിക്കുന്നതു വരെ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടയുകയുണ്ടായി. നിലവിലുണ്ടായിരുന്ന ശാരീരികബന്ധത്തെ ബന്ധം പിരിഞ്ഞുവെന്ന കാരണത്താൽ ബലാത്സംഗമായി വ്യാഖ്യാനിക്കാനാകുമോയെന്ന് ചൊവ്വാഴ്ച വാദത്തിനിടെ കോടതി ചോദിച്ചു.
വേടൻ സ്ഥിരം ലൈംഗിക കുറ്റവാളിയാണെന്നും രണ്ടു സ്ത്രീകൾക്കൂടി പരാതി നൽകിയിട്ടുള്ളതായും പരാതിക്കാരി കോടതിയെ അറിയിച്ചു. മുമ്പ് മീ ടു ആരോപണങ്ങൾ ഉയർന്നപ്പോൾ സമൂഹമാധ്യമങ്ങളിൽ ക്ഷമാപണം നടത്തിയെന്നും വാദിച്ചു. എ ന്നാൽ ഈ കേസിൻ്റെ കാര്യം മാത്രം പറഞ്ഞാൽ മതിയെന്നും കോടതി മുമ്പാകെ വന്ന തെളിവുകളുടെ അടിസ്ഥാനത്തിലാകും തീരുമാനമെന്നും ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.
സാഹചര്യങ്ങൾ ഓരോ പരാതിയിലും വ്യത്യസ്തമായിരിക്കും. മറ്റു സ്ത്രീകളുമായി ഇടപഴകാൻ അനുവദിക്കുന്നില്ലെന്നു കുറ്റപ്പെടുത്തിയാണ് വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറിയത്. വേടൻ ഫാൻസിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും പരാ തിക്കാരി പറഞ്ഞു. മറ്റു പരാതികളിലെ നടപടി അറിയിക്കാൻ പ്രോസിക്യൂഷനോടു നിർദേശിക്കണമെന്ന ആവശ്യവും പരാതിക്കാരി ഉന്നയിച്ചു.
ഫേസ്ബുക്ക് പോസ്റ്റുകളും മാധ്യമവാർത്തകളും ഹാജരാക്കിയാണ് പരാതിക്കാരി വാദിക്കുന്നതെന്നും ഇത് ആധികാരിക രേഖയായി കാണാനാകില്ലെന്നും കോടതി വാക്കാൽ പറഞ്ഞു. സമൂഹമാധ്യമ പോസ്റ്റുകൾ ആർക്കും വേണമെങ്കിലും ഉണ്ടാക്കാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.