രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായ കൂലിയുടെ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ‘എ’ സർട്ടിഫിക്കറ്റ് കൂലി സിനിമയ്ക്ക് നൽകിയതിനെതിരെയാണ് സൺ പിക്‌ചേഴ്‌സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അമിതമായ വയലൻസ് ചിത്രത്തിൽ ഇല്ലെന്നാണ് നിർമ്മാതാക്കൾ ഹർജിയിൽ പറയുന്നത്. ഹർജി ജസ്റ്റിസ് ടി.വി തമിഴ്ശെൽവി ഫയലിൽ സ്വീകരിക്കുകയും അടുത്ത ദിവസം വാദം കേൾക്കാനായി മാറ്റിവെക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
ബീസ്റ്റ്, കെജിഎഫ് തുടങ്ങിയ സിനിമകളിലേതിന് സമാനമായ സംഘട്ടന രംഗങ്ങളാണ് ‘കൂലി’യിലുമുള്ളതെന്നും, ആ സിനിമകൾക്ക് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചപ്പോൾ തങ്ങളുടെ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് നൽകിയതെന്നും സൺ ടിവി വാദിക്കുന്നു. എന്നാൽ ഹർജി നിലനിൽക്കില്ലെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ എ. കുമാരഗുരു കോടതിയിൽ വാദിച്ചു.