ഭാര്യയെ കൊലപ്പെടുത്തി ശ്മശാനത്തില്‍ മറവു ചെയ്ത് ഭര്‍ത്താവ്. ദൃശ്യം സിനിമയുടേതിന് സമാനമായാണ് കൊലപാതകം നടത്തിയത്. അവിഹിതബന്ധം സംശയിച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കാമുകനൊപ്പം ഒളിച്ചോടിപ്പോയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഇയാളുടെ പദ്ധതി പൊളിഞ്ഞു. ഡല്‍ഹി പോലീസ് ഇയാളെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു.

അവിഹിതബന്ധം സംശയിച്ച് ഭാര്യ ഫാത്തിമ(30)യെ ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശിയും പെയിന്‍റ് പണിക്കാരനുമായ ഷബാബ് അലി (47) ആണ് കൊലപ്പെടുത്തിയത്. മെഹ്റോളിയില്‍ വെച്ചാണ് കൊലപാതകം നടന്നത് എന്നാണ് വിവരം. കൊലപാതകം നടത്താനും മൃതദേഹം മറവുചെയ്യാനും പോലീസിന്‍റെ അന്വേഷണം വഴിതിരിച്ചുവിടാനും പ്രതി കൃത്യമായ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ട് സൗത്ത് ഡിസിപി അങ്കിത് ചൗഹാന്‍ പറഞ്ഞു.

അഞ്ച് ദിവസം ഭാര്യയെ പ്രതി ഷബാബ് അലി മയക്കുമരുന്ന് കലർന്ന ഗുളികകൾ നൽകുകയും കീടനാശിനി കുടിപ്പിക്കുകയും ചെയ്‌തു. തുടർന്ന്, തൻ്റെ കൂട്ടാളികളായ ഷാരൂഖ് ഖാന്‍റെയും തൻവീറിൻ്റെയും മറ്റൊരാളുടെയും സഹായത്തോടെ മൃതദേഹം കാറിൽ കയറ്റി മെഹ്റോളിയിലെ ഒരു ശ്‌മശാനത്തിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഫാത്തിമയുടെ മൃതദേഹം ശ്‌മശാനത്തിൽ കുഴിച്ചിടുകയും ഒരു കനാലിൽ അവളുടെ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു‌.

പിന്നാലെ, ഷബാബ് തൻ്റെ നാടായ അംറോഹയിലേക്ക് മടങ്ങിപ്പോയി ഫാത്തിമയുടെ ഫോണിൽ നിന്ന് താൻ മറ്റൊരാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അയാൾക്കൊപ്പം പോവുകയാണെന്നും ഷബാബ് സ്വന്തം നമ്പറിലേക്ക് ഒരു സന്ദേശം അയയ്ക്കുകയും ചെയ്‌തു.

ഫാത്തിമയുടെ ഒരു സുഹൃത്ത് ഓഗസ്റ്റ് 10-ന് അവരെ കാണാനില്ല എന്ന് കാണിച്ച് മെഹ്റോളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ആരോ ഫാത്തിമയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയിരിക്കുകയാണ് എന്നായിരുന്നു പരാതിക്കാരിയുടെ സംശയം. കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കൊലപാതകത്തിൻ്റെ കുരുക്കഴിച്ചത്.

Related Posts