ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ (എൻഡിഎ) സീറ്റ് വിഭജന പ്രഖ്യാപനം ഇന്ന്. ജിതൻ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയും (എച്ച്എഎം), എൻഡിഎ സഖ്യകക്ഷികളായ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയും (റാം വിലാസ്) കൂടുതൽ സീറ്റിനായി ഉന്നയിച്ച തർക്കത്തിൽ സമവായം ഉണ്ടാകുമെന്ന് ബിജെപി വ്യക്തമാക്കി.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിൽ സീറ്റുവിഭജനം സംബന്ധിച്ച് ശനിയാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിൽ മാഞ്ജി 15 സീറ്റുകളും ചിരാഗ് പാസ്വാൻ 26 സീറ്റുകളും കിട്ടിയേ മതിയാവൂവെന്ന് അറിയിച്ചു. കുടുതൽ സീറ്റുകൾ രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) മേധാവി ഉപേന്ദ്ര കുശ്വാഹയും ചോദിച്ചു.
മാന്യമായ സീറ്റുകൾ കിട്ടിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിൽക്കുമെന്നും മാഞ്ജി അറിയിച്ചു. അർഹമായ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നു പാസ്വാനും നഡ്ഡയെ അറിയിച്ചു. എന്നാൽ, 243 അംഗ നിയമസഭയിൽ ബിജെപി 101 സീറ്റിലും ജെഡിയു 102 സീറ്റിലും മൽസരിക്കാൻ തീരുമാനിച്ചാൽ മറ്റു സഖ്യകക്ഷികൾക്കു സീറ്റു കുറയും.