ഉത്തരാഖണ്ഡിൽ ചമോലി ജില്ലയിൽ ബി ആർ ക്യാമ്പിന് സമീപം ഉണ്ടായ മഞ്ഞിടിച്ചിലിൽ കുടുങ്ങിയ 57 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. അകപ്പെട്ട 10 തൊഴിലാളികളെ രക്ഷപ്പെടുത്തി സൈനിക ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. തൊഴിലാളികൾ റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. 65 പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവർത്തനം വൈകുന്നതായി ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ( ബിആർഒ) എക്സിക്യൂട്ടീവ് എഞ്ചിനീയർ സി. ആർ. മീന മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്), ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) എന്നിവരും സംഘത്തിലുണ്ട്.

സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രതികരിച്ചിട്ടുണ്ട്. ‘ഹിമപാതത്തിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ സഹോദരൻമാരുടെയും സുരക്ഷയ്ക്കായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു’- അദ്ദേഹം എക്സിൽ കുറിച്ചു.

ഉത്തരാഖണ്ഡ് ഉൾപ്പടെയുള്ള നിരവധി മലയോര മേഖലകളിൽ ഇന്ന് രാത്രി വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത മഴയെ തുടർന്ന് റോഡുകളിൽ വെള്ളപ്പൊക്കം, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടങ്ങിയവയ്ക്ക് സാദ്ധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

Related Posts