കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽ മരിച്ച ഡ്രൈവർ മിഥിലേഷ് (32), കണ്ടക്ടർ എൻ.എം. അരുൺ (53) എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ബെംഗളൂരുവിലെ രാജരാജേശ്വരി ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയതിനു പിന്നാലെ അല്പസമയം മുമ്പ് കെഎംസിസിയുടെ രണ്ട് ആംബുലൻസുകളിലാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയത്.

ഇന്ന് രാവിലെ 6.45ഓടെയാണ് ബെംഗളൂരുവിന് സമീപം ബിഡദി എക്സ്പ്രസ് വേയിൽ അപകടമുണ്ടായത്. കോഴിക്കോട് ഡിപ്പോയിൽനിന്ന് സർവീസ് നടത്തിയ KL-15-A-1963 നമ്പർ സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ദിശാസൂചിക ബോർഡിൻ്റെ തൂണിൽ ഇടിച്ച് മറിഞ്ഞതിനെ തുടർന്നാണ് അപകടമുണ്ടായത്.

അപകടവിവരം അറിഞ്ഞതോടെ എഐകെഎംസിസി–ശിഹാബ് തങ്ങൾ ബെംഗളൂരു സെൻട്രൽ ഓഫീസ് കൺട്രോൾ റൂമിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പരിക്കേറ്റവരെ ബിഡദിയിലെ ഭരത് കെമ്പണ്ണ ആശുപത്രി, ബി.ജി.എസ് ആശുപത്രി ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് മാറ്റുന്നതിനും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലെത്തിക്കുന്നതിനും പ്രവർത്തകർ നേതൃത്വം നൽകി.

പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം സിഐടിയു നേതാക്കളായ വി.വി. രാഘവേന്ദ്ര, ലിംഗരാജ്, ലോക കേരള സഭാംഗം അബ്ദുൾ ഗഫൂർ, കല സെക്രട്ടറി ഫിലിപ്പ് ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയത്.

കുടുംബാംഗങ്ങളെ തനിച്ചാക്കി മിഥിലേഷും അരുണും

മിഥിലേഷിൻ്റെ ഭാര്യ രാഗ്ഗി. മക്കൾ ആരഭി, ആരവ്. കോർപ്പറേഷനിൽനിന്ന് വിരമിച്ച മോഹനനും മൈഥിലിയുമാണ് മാതാപിതാക്കൾ. മിഥുൻ, മോനിഷ, മനീഷ എന്നിവർ സഹോദരങ്ങളാണ്.

എൻ.എം.അരുണിൻ്റെ ഭാര്യ പവിഷ. മക്കൾ വിഗ്നേഷ് കൃഷ്ണയും പ്രാർത്ഥന അരുണും. ഒളവണ്ണ സ്കൂളിലെ വിദ്യാർഥിയാണ് വിഗ്നേഷ് കൃഷ്ണ. നടക്കാവ് ഗേൾസ് സ്കൂൾ വിദ്യാർഥിയാണ് പ്രാർത്ഥന അരുൺ. പരേതനായ എൻ.എം.കൃഷ്ണനും കെ.ശോഭനയുമാണ് മാതാപിതാക്കൾ. എൻ.എം.റീന (ചേവായൂർ), എൻ.എം.ഇന്ദിര (തൃശ്ശൂർ) എന്നിവർ സഹോദരങ്ങളാണ്.

Related Posts