അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പിതാവ് ഹോർഹെ മെസി (68) അന്തരിച്ചു. അർജന്റീനയിലെ റൊസാരിയോയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെക്കാലമായി വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ലയണൽ മെസിയുടെ കരിയറിലെ വളർച്ചയ്ക്ക് പിന്നിലെ പ്രധാന വ്യക്തികളിലൊരാളായിരുന്നു ഹോർഹെ മെസി. ബാല്യത്തിൽ വളർച്ചാ ഹോർമോണിൻ്റെ കുറവ് മൂലം ബുദ്ധിമുട്ടിയ മെസിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിലും തുടർ ഫുട്ബോൾ പരിശീലനത്തിന് പിന്തുണ നൽകുന്നതിലും പിതാവ് നിർണായക പങ്കുവഹിച്ചു.
മെസി ന്യൂവെൽസ് ഓൾഡ് ബോയ്സിൻ്റെ യൂത്ത് ടീമിൽ കളിച്ചിരുന്ന കാലം മുതൽ ഹോർഹെ മകൻ്റെ കരിയറിന് ശക്തമായ പിന്തുണ നൽകി. 13-ാം വയസ്സിൽ മെസി ബാഴ്സലോണയിലെത്തിയപ്പോഴും പിതാവ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പിന്നീട് മെസിയുടെ ഔദ്യോഗിക ഏജന്റായും ഹോർഹെ പ്രവർത്തിച്ചു. ബാഴ്സലോണ, പി.എസ്.ജി, ഇന്റർ മയാമി തുടങ്ങിയ ക്ലബുകളുമായുള്ള കരാർ ചർച്ചകളിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഫുട്ബോളിന് പുറമെ മെസിയുടെ നിരവധി വാണിജ്യ, പരസ്യ കരാറുകൾക്കും ഹോർഹെ മേൽനോട്ടം വഹിച്ചു. മെസിയുടെ കരിയറിലെ ഏറ്റവും നിർണായക ഘട്ടങ്ങളിൽ ഒപ്പമുണ്ടായിരുന്ന പിതാവിൻ്റെ വിയോഗം ഫുട്ബോൾ ലോകത്തും ആരാധകർക്കിടയിലും വലിയ ദുഃഖമാണ് സൃഷ്ടിച്ചിരിക്കുന്നത്.