ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥയായ ഹോപ്പ് ചൊവ്വാഴ്ച 80 രാജ്യങ്ങളിൽ പുറത്തിറങ്ങി. പദവിയിലിരിക്കുമ്പോൾ തന്നെ ഒരു മാർപാപ്പയുടെ ആത്മകഥയിറങ്ങുന്നത് ആദ്യമാണ്. സ്പെയിനിലെ ബാല്യംമുതലുള്ള ജീവിതമാണ് ലാറ്റിനമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസിൻ്റെ ഹോപ്പി’ലെ പ്രതിപാദ്യം. ഫ്രാൻസിസ് പാപ്പ ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ കാലോ മൂസോയുമായി നടത്തിയ ആറുവർഷത്തിലേറെ നീണ്ട സംഭാഷണങ്ങളിൽ നിന്നാണ് ആത്മകഥ പിറക്കുന്നത്. മാർപാപ്പയുടെ മരണശേഷമേ ആത്മകഥയിറങ്ങൂ എന്നായിരുന്നു കരുതിയിരുന്നതെങ്കിലും കത്തോലിക്കാ സഭ പ്രത്യാശയുടെ വർഷ’മായി ആചരിക്കുന്ന ഇക്കൊല്ലം തന്നെ അത് ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. സ്വന്തം തീരുമാനങ്ങളെക്കുറിച്ചുള്ള നിഷ്പക്ഷമായ വിലയിരുത്തലും ആത്മകഥയിലുണ്ട്. പാപ്പയുടെ ജീവിതത്തിലെ അധികം അറിയപ്പെടാത്ത ഏടുകൾ ‘ഹോപ്പി’ലും അനാവൃതമാകുന്നില്ല. 1990-92 കാലത്ത് അർജന്റീനയിലെ കോർഡോബയിൽ ചെലവിട്ടകാലവും ജർമനിയിൽ ദൈവശാസ്ത്രത്തിൽ ഗവേഷണം നടത്തിയിരുന്ന കാലവുമാണത്.
സഹപാഠിയെ ഇടിച്ചു ബോധം കെടുത്തിയതും ഒടിച്ച സൈക്കിൾ നന്നാക്കാനുള്ള പണം നൽകാൻ സഹപാഠിയെ നിർബന്ധിച്ചതും ബാല്യകാലത്തെ നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളായി പാപ്പ വിവരിക്കുന്നു. 2013 മാർച്ചിൽ അദ്ദേഹത്തെ മാർപാപ്പയായി തിരഞ്ഞെടുക്കാൻ നടത്തിയ കോൺക്ലേവിനെക്കുറിച്ച് വിശദമായ വിവരണമുണ്ട്. 115 കർദിനാൾമാരിൽ 77 പേരുടെ വോട്ടുകിട്ടുന്നയാളാണ് മാർപാപ്പയാകുക. ആദ്യ വോട്ടെടുപ്പുകൾ താൻ ശ്രദ്ധിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, നാലാംവട്ടത്തിൽ 69 വോട്ടുകിട്ടയതോടെ വിധി തീരുമാനിക്കപ്പെട്ടുകഴിഞ്ഞുവെന്ന് തിരിച്ചറിഞ്ഞു. വോട്ടെടുപ്പിൻ്റെ ഫലം വന്നപ്പോൾ മിലാൻ ആർച്ച് ബിഷപ്പ് കർദിനാൾ ആഞ്ജലോ സ്കോളയെ ആലിംഗനം ചെയ്യുകയാണ് താൻ ആദ്യം ചെയ്തതതെന്നും മാർപാപ്പ പറയുന്നു.