കാശ്മീർ പഹൽഗാം വിഷയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുർക്കിയുടെ സൈനികവിമാനങ്ങൾ പാകിസ്താനിൽ എത്തിയതായി റിപ്പോർട്ട്. തുർക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെർക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാകിസ്‌താനിലെത്തിയത്. ആയുധങ്ങൾ, ഡ്രോണുകൾ, പടക്കോപ്പുകൾ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, ടാങ്ക് വേധ മിസൈലുകൾ തുടങ്ങിയവ പാകിസ്‌താനിലെത്തിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പടക്കോപ്പുകളും മറ്റും കൈകാര്യം ചെയ്യുന്ന പാക് സൈന്യത്തിൻ്റെ രഹസ്യ കേന്ദ്രങ്ങളുള്ള കറാച്ചിയിലാണ് വിമാനം എത്തിയത്. തുർക്കിയും പാകിസ്താനും തമ്മിൽ പ്രതിരോധ സഹകരണമുണ്ട്. പാകിസ്‌താൻ സൈന്യം തുർക്കിയുടെ ബെയ്റാക്തർ ഡ്രോണുകൾ കാര്യമായി ഉപയോഗിക്കുന്നുണ്ട്. ആറ് ഹെർകുലീസ് സി-130 വിമാനങ്ങളാണ് പാകിസ്‌താനിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം കറാച്ചിയിലിറങ്ങിയത്. പാകിസ്‌താൻ ബെയ്‌റാക്തറിന് പുറമെ തുർക്കിയുടെ പുതിയ ലോയിറ്ററിങ് അമ്യൂണിഷനുകളും വാങ്ങിയെന്നാണ് സംശയം.

ഇതിന് പുറമെ പാകിസ്‌താന് ചൈന ദീർഘദൂര മിസൈലുകൾ എത്തിച്ചതായും സംശയങ്ങളുണ്ട്. ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ് പാകിസ്‌താൻ എന്ന സംശയം ബലപ്പെടുകയാണ്. അതേസമയം ഇന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവലും യോഗത്തിൽ പങ്കെടുക്കും.

Related Posts