ക​ര്‍ണാ​ട​കയിൽ പാൽ, വൈദ്യുതി, ബസ് ചാർജ് വർദ്ധനക്ക് പിന്നാലെയാണ് സ്കൂ‌ൾ പാഠപുസ്തകങ്ങളുടെ വിലയിലും വർദ്ധന. സർക്കാറിൻ്റെ കീഴിലെ പാഠപുസ്‌തക സൊസൈറ്റി പുറത്തിറക്കുന്ന പാഠപുസ്തകങ്ങൾക്കാണ് വില വർദ്ധിപ്പിച്ചത്. 10 മുതൽ 20 ശതമാനം വരെ വില മുന്നറിയിപ്പ് നൽകാതെയാണ് വർദ്ധിപ്പിച്ചതെന്നും ഇത് രക്ഷിതാക്കളെ ബാധിക്കുമെന്നും പ്രൈവറ്റ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് അസോസിയേഷൻ സെക്രട്ടറി ശശി കുമാർ പറഞ്ഞു.

പുസ്‌തകവില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർധിപ്പിച്ചാൽ പ്രതിഷേധ നടപടികൾ സ്വീകരിക്കുന്ന ജനങ്ങൾ സർക്കാർ വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിക്കുന്നില്ലെന്നും സ്വകാര്യ സ്ഥാപനങ്ങളിലെ ഫീസ് വർദ്ധന സർക്കാർ ഫീസ് വർദ്ധിപ്പിച്ചതിനാലാണെന്ന് രക്ഷിതാക്കളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമാണച്ചെലവ്, പേപ്പറിൻ്റെ വില, പ്രിൻ്റിങ് ചെലവ്, വിതരണ ചെലവ് എന്നിവ കണക്കിലെടുത്താണ് പാഠ പുസ്തകങ്ങളുടെ വില പേജിന് രണ്ടു പൈസ എന്ന നിരക്കിൽ വർദ്ധിപ്പിച്ചതെന്ന് കർണാടക പാഠപുസ്തക സൊസൈറ്റി എം.ഡി എച്ച് എം പ്രേമ പറഞ്ഞു.

അച്ചടിക്കുന്ന ഒരു പേജിന് കഴിഞ്ഞ വർഷം 34 പൈസയായിരുന്നു നിശ്ചിയിച്ചിരുന്നതെന്നും ഇത്തവണ 36 പൈസയായിരിക്കുമെന്നും അവർ പറഞ്ഞു. കർണാടക പാഠപുസ്‌ത സൊസൈറ്റിയുടെ പുസ്‌തകങ്ങൾക്ക് മറ്റ് പ്രസിദ്ധീകരണ കേന്ദ്രങ്ങളുടെ പുസ്‌തകങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വില കുറവാണ് സർക്കാറിൻ്റെ നിർദേശമനുസരിച്ചാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്.

ഈ അധ്യയന വർഷത്തേക്കുള്ള 30 ശതമാനം പുസ്‌തകങ്ങളുടെ അച്ചടി പൂർത്തിയായെന്നും വിതരണം ആരംഭിച്ചെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ പാഠപുസ്‌തകങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പ്രതികരിച്ചു.

Related Posts