കംബോഡിയൻ നേതാവുമായുള്ള ഫോൺ സംഭാഷണത്തിലെ പരാമർശങ്ങളുടെ പേരിൽ തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുംഗ്‌താൻ ഷിനവത്രയെ (38) ഭരണഘടനാ കോടതി പുറത്താക്കി. ധാർമിക പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തായ്ല‌ൻഡിൽ ശക്തമായ രാഷ്ട്രീയ വേരോട്ടമുള്ള ഷിനവത കുടുംബാംഗമാണ് പയേതുംഗ്‌താന്റേത്. കഴിഞ്ഞ വർഷമാണ് അവർ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഒരു വർഷം മാത്രം പദവിയിലിരുന്നതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ രാജ്യത്തിൻ്റെ അഭിമാനം സംരക്ഷിച്ചില്ല. രാജ്യത്തേക്കാൾ സ്വന്തം താത്‌പര്യങ്ങൾക്കാണ് അവർ മുൻഗണന നൽകിയതെന്ന് കോടതി വിധിയിൽ പറയുന്നു. ഭരണഘടനാ കോടതിയിലെ ഒമ്പതു ജഡ്‌ജിമാരിൽ ആറു പേർ പയേതുംഗ്‌താനിനെതിരെ വോട്ടു ചെയ്തു.

കംബോഡിയായുമായുള്ള അതിർത്തി പ്രശ്‍നം രൂക്ഷമായ സാഹചര്യത്തിലാണ് മുൻ കംബോഡിയൻ പ്രധാനമന്ത്രിയുമായുള്ള പെയ്തോംഗ്‌താൻ ഷിനവത്രയുടെ ഫോൺകോൾ സംഭാഷണം പുറത്ത് വന്നത്. പെയ്തോംഗ്‌താൻ മുൻ കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെന്നിനെ അങ്കിൾ എന്നാണ് വിളിച്ചത്.
ഒരു കംബോഡിയൻ സൈനികൻ്റെ മരണത്തിനിടയാക്കിയ അതിർത്തി സംഘർഷത്തിൽ സ്വന്തം സൈന്യത്തിൻ്റെ നടപടികളെ വിമർശിക്കുന്നതും സംഭാഷണത്തിലുണ്ട്.

Related Posts