മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങൾ നിയന്ത്രണ വിധേയമായി കടത്തിവിടും. ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൃത്യമായ സമയം ഇടവിട്ട് പൊലീസിൻ്റെ നിയന്ത്രണത്തോടെ കടത്തിവിടും. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗമാണ് തീരുമാനമെടുത്തത്.
ഇതുവഴി മൾട്ടിആക്‌സിൽ വാഹനങ്ങൾക്കുള്ള നിരോധനം തുടരും. മഴ ശക്തമാകുന്ന സാഹചര്യം വന്നാൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ല കലക്‌ടർ പറഞ്ഞു. റോഡിനു മുകളിലായി പാറയുടെ സ്ഥിതി പരിശോധിക്കാനായി ജി.പി.ആർ സംവിധാനം ഉപയോഗപ്പെടുത്തും. ഇതിനായി കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി സിവിൽ എൻജിനീയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്ളാൻ കലക്ടർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.