കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ വികസന സദസ് സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 20ന് മുഖ്യമന്ത്രി നിര്‍വഹിക്കും.
വികസന സദസില്‍ വച്ച് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും, കൂടാതെ സര്‍ക്കാരിൻ്റെ നേട്ടങ്ങള്‍ വിശദമാക്കുന്ന വീഡിയോ പ്രസന്റേഷനും വികസന സദസില്‍ അവതരിപ്പിക്കും. ഇതിനുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് വഹിക്കണം. മുന്‍സിപ്പാലിറ്റികള്‍ക്ക് 4 ലക്ഷം രൂപയും, പഞ്ചായത്തുകള്‍ക്ക് 2 ലക്ഷം രൂപയും, നഗരസഭകള്‍ക്ക് 6 ലക്ഷം രൂപയും ചെലവിടാം. ഇന്നലെ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി. സപ്തംബര്‍ 20 ന് ആരംഭിച്ച് ഒക്ടോബര്‍ 20 ഓടുകൂടി പൂര്‍ത്തിയാകുന്ന രീതിയിലാണ് വികസന സദസ് സംസ്ഥാനമൊട്ടാകെ നടത്തേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു.

കോര്‍പ്പറേഷനുകളില്‍ 700-1000 പേരെയും ഗ്രാമപഞ്ചായത്തുകളില്‍ 250-350 പേരെയും വികസന സദസില്‍ പങ്കെടുപ്പിക്കാവുന്നതാണ്. അതത് തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഹാള്‍/ കെട്ടിടം ഉണ്ടെങ്കില്‍ അതിലായിരിക്കണം പരിപാടികൾ. ഉച്ചയോടു കൂടി പൂര്‍ത്തിയാകുന്ന തരത്തിലായിരിക്കണം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വികസന സദസ് സംഘടിപ്പിക്കേണ്ടത് ഉത്തരവില്‍ വ്യക്തമാക്കുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്/അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്/അംഗങ്ങള്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് പുറമേ സമൂഹത്തിലെ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തികള്‍, വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന മറ്റ് വിശിഷ്ട വ്യക്തികള്‍, എന്നിവരെയും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടതാണെന്ന് നിര്‍ദേശമുണ്ട്.

Related Posts