കോഴിക്കോട്ടു നിന്ന് ഒന്നരവര്‍ഷം മുന്‍പ് കാണാതായ ഹേമചന്ദ്രനെ കൊലചെയ്തത് വയനാട് ബത്തേരിയിലെ ഒരു വീട്ടില്‍ വച്ചെന്ന് പോലിസ്. കേസിലെ പ്രതിയായ നൗഷാദിനെ വില്‍പ്പനയ്ക്കായി മറ്റൊരാള്‍ ഏല്‍പ്പിച്ച വീട്ടില്‍ രണ്ടുദിവസം പൂട്ടിയിട്ട് മര്‍ദിച്ചശേഷമാണ് കൊന്നതെന്നാണ് വിവരം. മൃതദേഹം അതിന് ശേഷമാണ് തമിഴ്‌നാട്ടിലെ വനമേഖലയിലുള്ള ചതുപ്പില്‍ കുഴിച്ചുമൂടിയത്.

നൗഷാദ് സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ ജ്യോതിഷ്‌കുമാറിനെയും അജേഷിനെയും വിളിച്ചു വരുത്തിയത് മൃതദേഹം രഹസ്യമായി കുഴിച്ചുമൂടാനാണ്. അതിനുപറ്റിയ സ്ഥലംകണ്ടെത്താന്‍ ജ്യോതിഷ്‌കുമാറും അജേഷും പലയിടത്തും പോയി നോക്കിയിരുന്നു. അതിനുശേഷമാണ് നീലഗിരി ജില്ലയിലെ ചേരമ്പാടിക്കടുത്ത് കാപ്പിക്കുടുക്ക എന്ന വനമേഖല തിരഞ്ഞെടുത്തത്.

പോലീസിനെ മാസങ്ങളോളം ഹേമചന്ദ്രൻ പലയിടത്തായി മാറിനിൽക്കുകയാണെന്ന വ്യാജേന പ്രതികൾ കബളിപ്പിച്ചെങ്കിലും നാലുമാസംമുൻപാണ് കൊല ചെയ്യപ്പെട്ടതാണെന്ന രീതിയിലുള്ള സൂചനകൾ പോലീസിന് ലഭിച്ചത്. മകൾക്ക് ഹേമചന്ദ്രനെന്ന വ്യാജേന അയാളുടെ ഫോണിൽ നിന്ന് പ്രതികളിലൊരാൾ വിളിച്ച കോളാണ് ഇത് വെറും മിസിങ് കേസല്ല എന്ന നിഗമനത്തിൽ പോലീസിനെ എത്തിച്ചത്. അതിനുശേഷം പ്രതികളുടെ മൊഴികളിലെ വൈരുധ്യങ്ങളും പ്രതികൾ തമ്മിൽ നടത്തിയ വാട്സാപ്പ് സന്ദേശങ്ങളുമാണ് കൊല്ലപ്പെട്ടതാണെന്ന സൂചനയിലെത്തിച്ചത്.

ഞായറാഴ്ച രാവിലെ ആറുമണിയോടെ കൊലപ്പെടുത്തിയ ഹേമചന്ദ്രൻ്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കോഴിക്കോട്ടെത്തിച്ചു. വയനാട് ജില്ലയോട് അതിര്‍ത്തിപങ്കിടുന്ന തമിഴ്‌നാടിലെ ചേരമ്പാടി കാപ്പിക്കുടുക്കയിലെ റിസര്‍വ് വനത്തില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ മൃതദേഹം ശനിയാഴ്ച രാത്രിതന്നെ ഊട്ടി ഗവ. മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.
ഹേമചന്ദ്രന്റേതുതന്നെയാണ് മൃതദേഹം എന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തേണ്ടതുണ്ട്.

തുടയെല്ല് മജ്ജസഹിതം ഇതിനായി ശേഖരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച‌ ഇത് അവിടെയെത്തി മെഡിക്കൽ കോളേജ് പോലീസ് കൈപ്പറ്റും. കോടതിമുഖേന ഈ സാംപിൾ കണ്ണൂർ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെത്തിക്കും. ഈ സാംപിൽ ക്രോസ് മാച്ച് ചെയ്യുന്നതിന് ഹേമചന്ദ്രൻ്റെ അമ്മയുടെ രക്തസാംപിളും മക്കളുടെ രക്തസാംപിളും ശേഖരിച്ച് ഒപ്പം നൽകും. പരിശോധിച്ച്, മൃതദേഹം ഹേമചന്ദ്രൻ്റേതു തന്നെയാണെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ വീട്ടുകാർക്ക് കൈമാറി സംസ്ക്‌കാര നടപടികൾക്ക് വിട്ടുകൊടുക്കൂ.

Related Posts