തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കാസർഗോഡ് പടന്നയില്‍ വടക്കേപ്പുറത്ത് ദിവാകരന് ആണ് മരിച്ചത്. കായലിലേക്ക് ഞായറാഴ്ച പുലര്‍ച്ചെ ഒറ്റയ്ക്ക് മത്സ്യബന്ധനത്തിനായി പോയതായിരുന്നു ദിവാകരന്. കായലില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവാകരന് ഇന്ന് രാവിലെ 5 മണിയോടെയാണ് സ്വന്തം ചെറുവള്ളത്തില്‍ കായലിലേക്ക് പോയത്.
ഇയാള്‍ ഉച്ചയായിട്ടും തിരിച്ചു വരാതായതോടെയാണ് നാട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. തിരച്ചിലില്‍ കായലിൻ്റെ തീരത്തു നിന്ന് ദിവാകരൻ്റെ തോണി കണ്ടെത്തി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് കായലില്‍ വലയിട്ട് തിരച്ചില്‍ നടത്തി. ദിവാകരൻ്റെ മൃതദേഹം ഉച്ചയ്ക്ക് മൂന്നരയോടെയാണ് കണ്ടെത്തിയത്. പടന്നയിലെ ജില്ലാ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.