കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനത്തിലുണ്ടായത് ഗുരുതരമായ വീഴ്ച. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്. പൊളിഞ്ഞു വീണ കെട്ടിടത്തിൽ രണ്ടര മണിക്കൂറോളമാണ് ബിന്ദു കുടുങ്ങികിടന്നത്. തകർന്നു വീണ കെട്ടിടം ഉപയോഗശൂന്യമായിരുന്നെന്നും അടച്ചിട്ടിരിക്കുകയാണ് എന്നുമാണ് അപകടത്തിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ ആരോഗ്യമന്ത്രി വീണ ജോർജും മന്ത്രി വി.എൻ.വാസനും പ്രതികരിച്ചത്. ഇതാണ് രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കിയതെന്ന് വ്യാപക വിമർശനമുയരുന്നു.

വിശ്രുതനും ഭാര്യ ബിന്ദുവും മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. ആശുപത്രിയുടെ 14-ാം വാർഡിന്റെ ഒരു ഭാഗം ഇന്നു രാവിലെ 11-ഓടെയാണ് പൊളിഞ്ഞുവീണത്. വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റ്റിന് (11) അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പത്താം വാർഡിൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ കൂട്ടിരിപ്പുകാരിയായി നിൽക്കുകയായിരുന്നു അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

Related Posts