സുഹൃത്തിന്റെ താമസസ്ഥലത്ത് ട്രാൻസ്ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശിനി കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം. തിരൂർ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. വൈലത്തൂർ സ്വദേശിയാണ് ഇവരുടെ സുഹൃത്ത്. എന്നാൽ, ഒഴൂർ കരിങ്കപ്പാറയിലുള്ള സഹോദരന്റെ വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്.
കമീലയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഈ വീടിന് മുന്നിൽ വാഹനം നിർത്തിയിടാനായി നിർമ്മിച്ച താൽക്കാലിക ഷെഡിനുള്ളിലാണ്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് കമീല ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു തൻ്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്നും ഇയാളുടെ വീടിനടുത്ത് പോയി മരിക്കാൻ പോവുകയാണെന്നും കമീല വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.