ദീര്‍ഘ നാള്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിന്‍റെ മധ്യനിരയില്‍ ഭാവന്നാസമ്പന്ന സന്നിധ്യവുമായി നിന്ന ലൂക്ക മോഡ്രിച് ഇറ്റാലിയന്‍ സീരി എ വമ്പന്‍മാരായ എസി മിലാനിലേക്ക്. ഇതിഹാസ താരത്തിന്‍റെ വരവ് മിലാന്‍ പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി സ്ഥിരീകരിച്ചു. ക്ലബ്ബ് ലോകകപ്പിനു ശേഷം താരം എസി മിലാനിലെത്തുമെന്നു അല്ലെഗ്രി വ്യക്തമാക്കി.

വെറ്ററന്‍ ഇതിഹാസം ടീമിനൊപ്പം ഓഗസ്റ്റില്‍ ചേരുമെന്നാണ് അല്ലെഗ്രി വെളിപ്പെടുത്തിയത്. ‘ അസാധാരണ താരമാണ്. അദ്ദേഹം മിലാനിലേക്ക് ഓഗസ്റ്റിലെത്തും’- അല്ലെഗ്രി പറഞ്ഞു. ലോസ് ബ്ലാങ്കോസിന്‍റെ മധ്യനിരയുടെ എഞ്ചിനായി 13 വര്‍ഷം പ്രവര്‍ത്തിച്ച താരമാണ് മോഡ്രിച്. ജര്‍മ്മന്‍ ഇതിഹാസം ടോണി ക്രൂസുമായി ചേര്‍ന്നു മോഡ്രിച് തീര്‍ത്ത മുന്നേറ്റങ്ങളും നീക്കങ്ങളും റയലിന്‍റെ നിരവധി കിരീട നേട്ടങ്ങളില്‍ നിര്‍ണായകമായിരുന്നു.

4 ലാ ലിഗ, 2 സ്പാനിഷ് കപ്പ്, 5 സ്പാനിഷ് സൂപ്പര്‍ കപ്പ്, 6 ചാംപ്യന്‍സ് ലീഗ്, 5 യുവേഫ സൂപ്പര്‍ കപ്പ്, 5 ക്ലബ് ലോകകപ്പ്, ഒരു ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് കിരീടങ്ങള്‍ താരം റയലിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. മൊത്തം 28 കിരീട നേട്ടങ്ങളില്‍ താരം റയലിനൊപ്പം പങ്കാളിയായിട്ടുണ്ട്.

Related Posts