ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ ശക്തരായ നെതർലൻഡ്സിനെ സമനിലയിൽ തളച്ച് ജപ്പാൻ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. നാല് ഗോളുകൾ പിറന്ന ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി പോയിന്റ് പങ്കിട്ടു.
ആദ്യ പകുതിയിൽ പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും നെതർലൻഡ്സിനായിരുന്നു മേൽക്കൈ. 59 ശതമാനം പന്തടക്കം സ്വന്തമാക്കിയ ഡച്ച് ടീം ഡോണിയൽ മലൻ്റെ നേതൃത്വത്തിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ജപ്പാൻ പ്രതിരോധം ഉറച്ചുനിന്നു. ഇതോടെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റിനകം നെതർലൻഡ്സ് ലീഡ് നേടി. റയാൻ ഗ്രാവൻബെർച്ചിൻ്റെ ഫ്രീകിക്കിൽ നിന്ന് ഉയർന്ന പന്ത് ഹെഡറിലൂടെ വിർജിൽ വാൻ ഡൈക്ക് വലയിലെത്തിച്ചതോടെയാണ് ഡച്ച് ടീമിന് മുൻതൂക്കം ലഭിച്ചത്.
എന്നാൽ ഏഴ് മിനിറ്റിനകം ജപ്പാൻ തിരിച്ചടിച്ചു. ടകെഫുസ കുബോയുടെ മനോഹരമായ പാസിൽ നിന്ന് കെയ്റ്റോ നകാമുറ നേടിയ ഗോൾ മത്സരത്തെ വീണ്ടും സമനിലയിലാക്കി. തുടർന്ന് ഇരുടീമുകളും ആക്രമണ ഫുട്ബോൾ പുറത്തെടുത്തപ്പോൾ 64-ാം മിനിറ്റിൽ ഗ്രാവൻബെർച്ചിൻ്റെ അസിസ്റ്റിൽ നിന്ന് ക്രൈസൻസിയോ സമ്മർവിൽ നേടിയ തകർപ്പൻ വോളി നെതർലൻഡ്സിനെ വീണ്ടും മുന്നിലെത്തിച്ചു.
വിജയം ഡച്ച് ടീമിന് ഉറപ്പായെന്ന് തോന്നിച്ച നിമിഷത്തിലാണ് ജപ്പാൻ്റെ അവസാന പ്രഹരം. മത്സരം അവസാനിക്കാൻ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ പകരക്കാരനായി ഇറങ്ങിയ ഡൈച്ചി കമദ അവസരം മുതലെടുത്ത് സമനില ഗോൾ നേടി. ഡച്ച് പ്രതിരോധത്തിലെ പിഴവ് കൃത്യമായി പ്രയോജനപ്പെടുത്തിയ കമദയുടെ ഗോൾ ജപ്പാന് നിർണായക പോയിന്റ് സമ്മാനിച്ചു.
അവസാന വിസിൽ മുഴങ്ങുമ്പോൾ 2-2 എന്ന സ്കോറിൽ മത്സരം അവസാനിച്ചു. കരുത്തരായ നെതർലൻഡ്സിനെതിരെ പൊരുതിയെടുത്ത സമനില ജപ്പാൻ്റെ ആത്മവിശ്വാസം ഉയർത്തുന്നതായി.
……………………………….
ഫിഫ 2026 ലോകകപ്പിലെ മറ്റൊരു മത്സരത്തിൽ ജർമനിക്ക് വമ്പൻ വിജയത്തോടെ തുടക്കം. ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ ലോകകപ്പ് അരങ്ങേറ്റക്കാരായ കുറസാവോയെ 7-1ന് തകർത്താണ് ജർമൻ പട കരുത്തറിയിച്ചത്.
ആറാം മിനിറ്റിൽ ഫെലിക്സ് മെച്ചയുടെ ഗോളിലൂടെ തുടങ്ങിയ ജർമനിയുടെ ആക്രമണം മത്സരാവസാനം വരെ തുടർന്നു. കായ് ഹവേർട്സ് ഇരട്ടഗോൾ നേടിയപ്പോൾ നിക്കോ ഷോൾട്ടർബെർഗ്, ജമാൽ മുസിയാല, നഥാനിയേൽ ബ്രൗൺ, ഡെനിസ് ഉണ്ടാവ് എന്നിവർ ഓരോ ഗോൾ വീതം നേടി. ഹവേർട്സിൻ്റെ ഗോളുകൾ ആദ്യപകുതിയുടെ ഇൻജുറി ടൈമിലെ പെനാൽറ്റിയിലൂടെയും 88-ാം മിനിറ്റിലുമായിരുന്നു.
ജർമനിയുടെ ആധിപത്യത്തിനിടെ കുറസാവോയ്ക്കായി ആശ്വാസഗോൾ നേടിയത് ലിവാനോ കൊമെനറാണ്. 21-ാം മിനിറ്റിൽ നേടിയ ഈ ഗോൾ ഫിഫ ലോകകപ്പ് ചരിത്രത്തിൽ കുറസാവോയുടെ ആദ്യ ഗോളായി രേഖപ്പെട്ടു.
മത്സരത്തിൻ്റെ തുടക്കം മുതൽ തന്നെ ജർമനി ആക്രമണ ഫുട്ബോൾ പുറത്തെടുത്തപ്പോൾ കുറസാവോയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. അവസരങ്ങൾ കൃത്യമായി മുതലെടുത്ത ജർമൻ താരങ്ങൾ ഗോൾവേട്ട തുടർന്നതോടെ സ്കോർ 7-1ലെത്തി. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ സ്പെയിനും ബെൽജിയവും കളത്തിലിറങ്ങും. ഇന്ത്യൻ സമയം രാത്രി 9.30ന് കേപ് വെർദെയെതിരെയാണ് സ്പെയിൻ്റെ മത്സരം.