കബനി നദിക്ക് കുറുകെ കേരളത്തെയും കർണാടകയെയും ബന്ധിപ്പിക്കുന്ന വയനാട്ടിലെ പെരിക്കല്ലൂർ–ബൈരക്കുപ്പ പാലം പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ വീണ്ടും സജീവമാകുന്നു. പദ്ധതിയുടെ പുരോഗതിയുമായി ബന്ധപ്പെട്ട് കേരള പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി.

പാലം നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുകൂല നടപടികൾ സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പുനൽകിയതായി മന്ത്രി ബഷീർ അറിയിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടക്കുന്ന പദ്ധതിക്ക് പുതുജീവൻ നൽകുന്നതിനായാണ് കേരളം കർണാടകയുടെ സഹകരണം തേടിയത്.

1994 സെപ്റ്റംബർ 22ന് അന്നത്തെ കേരള മുഖ്യമന്ത്രി കെ.കരുണാകരനും കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്ലിയും ചേർന്നാണ് പെരിക്കല്ലൂർ തോണിക്കടവിൽ പാലത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചത്. എന്നാൽ വന-പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി ലഭിക്കാതിരുന്നതിനാൽ പദ്ധതി പിന്നീട് നിലച്ചുപോകുകയായിരുന്നു. വയനാട്ടിനും കർണാടകയ്ക്കുമിടയിലെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നിർണായകമായ ഈ പാലം യാഥാർഥ്യമായാൽ പ്രദേശത്തിൻ്റെ ഗതാഗത, വ്യാപാര മേഖലകൾക്ക് വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷ.

Related Posts