ബെംഗളൂരുവിലെ മടിവാളയിൽ നിന്ന് കണ്ണൂരിലേക്കുള്ള കർണാടക ആർടിസിയുടെ നോൺ-എസി സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. മലയാളികൾ കൂടുതലായി താമസിക്കുന്ന മടിവാളയിൽ നിന്ന് ആദ്യമായാണ് കർണാടക ആർടിസി മലബാറിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നത്.
35 ബർത്തുകളുള്ള നോൺ-എസി സ്ലീപ്പർ ബസിൻ്റെ ടിക്കറ്റ് നിരക്ക് 850 രൂപയാണ്. ഇതുവരെ സ്വകാര്യ ബസുകൾ മാത്രമായിരുന്നു മടിവാളയിൽ നിന്ന് മലബാറിലേക്ക് സർവീസ് നടത്തിയിരുന്നത്. 2015ൽ കെഎസ്ആർടിസി (കേരള) കോറമംഗല–മടിവാള–കണ്ണൂർ ഡീലക്സ് സർവീസ് നടത്തിയിരുന്നെങ്കിലും കോവിഡ് കാലത്ത് അത് നിർത്തിവെച്ചിരുന്നു.
മടിവാളയിൽ നിന്ന് വൈകിട്ട് 6.50ന് പുറപ്പെടുന്ന ബസ് ശാന്തി നഗർ (7.30), സാറ്റലൈറ്റ് ( 8.27), രാജരാജേശ്വരി നഗർ ആർച്ച് (8.37), കെങ്കേരി ബസ് ടെർമിനൽ (8.42), നൈസ് റോഡ് (8.52), മൈസൂരു (11), ഇരിട്ടി (3), മട്ടന്നൂർ (3.15), കൂത്തുപറമ്പ് (3.30), തലശേരി (4) വഴി പുലർച്ചെ 4.45ന് കണ്ണൂരിലെത്തും.
കണ്ണൂരിൽ നിന്ന് രാത്രി 8.10ന് പുറപ്പെടുന്ന ബസ് തലശേരി (8.50), കൂത്തുപറമ്പ് (9.15), മട്ടന്നൂർ (9.45), ഇരിട്ടി (10), മൈസൂരു (1.45) വഴി രാവിലെ 5.10ന് മടിവാളയിലെത്തും. ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ്: ksrtc.in.