ബെംഗളൂരു നഗരത്തിലെ ഒരു കഫേയിൽ നടപ്പാക്കിയ പുതിയ നയം റിമോട്ട് വർക്ക് സംസ്കാരത്തെ കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കഫേയിൽ ഇരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്യുന്നവർക്ക് മണിക്കൂറിന് ₹99 ‘വർക്ക്സ്പേസ് ഫീസ്’ ഈടാക്കുമെന്ന അറിയിപ്പാണ് ശ്രദ്ധ നേടിയത്.
ഈ വിഷയം ആദ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ബെംഗളൂരു സ്വദേശിയായ പ്രൊഫഷണലായ കാർത്തിക് സുരോജു ആണ്. ലിങ്ക്ഡ്ഇനിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ, കഫേയുടെ പ്രവേശന കവാടത്തിൽ വ്യക്തമായി പ്രദർശിപ്പിച്ചിരുന്ന ബോർഡിൻ്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. അതിൽ, “ഈ സ്ഥലം വർക്ക്സ്പേസായി ഉപയോഗിക്കുന്നവർ മണിക്കൂറിന് ₹99 നൽകണം” എന്നായിരുന്നു അറിയിപ്പ്.
സമീപ വർഷങ്ങളിൽ ബെംഗളൂരുവിലെ പല കഫേകളും റിമോട്ട് ജോലിക്കാരുടെയും ഫ്രീലാൻസർമാരുടെയും സ്ഥിരം ജോലിസ്ഥലങ്ങളായി മാറിയിട്ടുണ്ട്. ഒരു കാപ്പി മാത്രം ഓർഡർ ചെയ്ത് മണിക്കൂറുകളോളം ടേബിൾ കൈവശം വയ്ക്കുന്ന പ്രവണത വർധിച്ചതോടെ, മറ്റ് ഉപഭോക്താക്കൾക്ക് ഇരിപ്പിടം ലഭിക്കാതെ പോകുന്നതായി കഫേ ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
ഇതോടെയാണ് ചില കഫേകൾ ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തുടങ്ങിയത്. മണിക്കൂറിന് ₹99 ഈടാക്കുന്നതിലൂടെ ദീർഘനേരം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക സൗകര്യം നൽകുകയും, സാധാരണ ഉപഭോക്താക്കൾക്ക് കൂടുതൽ ഇരിപ്പിടങ്ങൾ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
ചിലർ കഫേയുടെ തീരുമാനത്തെ പിന്തുണച്ചു. ഒരു കാപ്പി വാങ്ങി മണിക്കൂറുകളോളം ടേബിൾ ഉപയോഗിക്കുന്നത് മറ്റ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് അവരുടെ അഭിപ്രായം.
മറുവിഭാഗം, കഫേകൾ സ്വതന്ത്രമായി ഇരുന്ന് ജോലി ചെയ്യാനുള്ള സൗഹൃദ അന്തരീക്ഷം നൽകുന്നതാണ് അവരുടെ പ്രത്യേകതയെന്നും, അധിക ഫീസ് ഈടാക്കുന്നത് ഉപഭോക്താക്കളെ അകറ്റുമെന്നും അഭിപ്രായപ്പെട്ടു. ചിലർ, ഇത്തരം ഫീസ് ഈടാക്കുന്നുവെങ്കിൽ അതിനനുസരിച്ച് മികച്ച വൈ-ഫൈ, ചാർജിങ് പോയിന്റുകൾ, ശാന്തമായ വർക്ക് ഏരിയ തുടങ്ങിയ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
റിമോട്ട് വർക്ക് വ്യാപകമായതോടെ, “ഒരു കാപ്പി ഓർഡർ ചെയ്താൽ എത്ര നേരം ഒരു ടേബിളിൽ ഇരിക്കാം?” എന്ന ചോദ്യവും വീണ്ടും ഉയർന്നിരിക്കുകയാണ്. ചിലർ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ സ്വീകാര്യമാണെന്ന് പറയുമ്പോൾ, തിരക്കേറിയ സമയങ്ങളിൽ ദീർഘനേരം ടേബിൾ കൈവശം വയ്ക്കുന്നത് ഒഴിവാക്കണമെന്നും മറ്റുചിലർ അഭിപ്രായപ്പെടുന്നു.
ബെംഗളൂരുവിലെ ഈ കഫേയുടെ പുതിയ നയം, കഫേകൾ ഭക്ഷണ-പാനീയങ്ങൾ നൽകുന്ന ഇടങ്ങൾ മാത്രമാണോ, അതോ പണമടച്ച് ഉപയോഗിക്കാവുന്ന വർക്ക്സ്പേസുകളായി മാറുകയാണോ എന്ന ചർച്ചയ്ക്കും പുതിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്.