കേരള സമാജം (രജി) കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന ഫുട്ബോൾ ടൂർണമെന്റ് യെലഹങ്കയിലെ വിനായക പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ വിജയകരമായി സമാപിച്ചു. എയർ വൈസ് മാർഷൽ (റിട്ട.) ഒ. ഇ. എം. മേനോൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡണ്ട് എസ്.കെ.പിള്ള അധ്യക്ഷത വഹിച്ചു.

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ കാണാൻ നിരവധിയായ കായികപ്രേമികൾ എത്തിച്ചേർന്നു. ലോകമെമ്പാടും ഫുട്ബോൾ ആവേശം നിറഞ്ഞുനിൽക്കുന്ന ഈ കാലഘട്ടത്തിൽ സംഘടിപ്പിച്ച ടൂർണമെന്റ് വലിയ ജനപങ്കാളിത്തവും ശ്രദ്ധയും നേടി ആഘോഷാന്തരീക്ഷത്തിലാണ് അരങ്ങേറിയത്. സീനിയർ പുരുഷ വിഭാഗത്തിൽ ദ്വാരക നഗറിലെ സത്വ അപ്പാർട്മെന്റ് ടീം ചാമ്പ്യൻമാരായി. അജയ് ടീമിനെ നയിച്ചു. ജൂനിയർ വിഭാഗത്തിൽ ചിക്കജാലയിലെ ഡെക്കാ എഫ്.സി. കിരീടം സ്വന്തമാക്കി. ജഗത് എസ്. നാരായൺ ആയിരുന്നു ടീമിൻ്റെ ക്യാപ്റ്റൻ.

വ്യക്തിഗത പുരസ്‌കാരങ്ങളിൽ സീനിയർ വിഭാഗത്തിലെ മികച്ച താരമായി അനന്തു കൃഷ്ണനെ തെരഞ്ഞെടുത്തു. ജൂനിയർ വിഭാഗത്തിലെ ‘പെർഫോർമൻസ് ഓഫ് ദ ഡേ’ പുരസ്‌കാരം മാവള്ളിപുര യൂണിറ്റിലെ തേജസ് കരസ്ഥമാക്കി.

സമാപനച്ചടങ്ങിൽ വൈസ് പ്രസിഡണ്ടുമാരായ ആർ.കെ.കുറുപ്പ്, ഷിജോ ഫ്രാൻസിസ്, സെക്രട്ടറി ശ്രീകുമാർ, ജോയിന്റ് സെക്രട്ടറിമാരായ കെ.നടരാജൻ, അസിസ്റ്റന്റ് സെക്രട്ടറിമാരായ ശ്യാം കുമാർ, വി.എസ്.ജോഷി, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ഡോ.ദിലീപ്, യോഗേഷ് നായർ, പ്രമോജ് ടി., പ്രശാന്ത്, രാഗേഷ്, ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ കൺവീനർ ഷാജി അനിൽകുമാർ, വനിതാ വിഭാഗം ചെയർപേഴ്സൺ പ്രീത ശിവൻ, വനിതാ വിഭാഗം ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ബെംഗളൂരു നോർത്ത് ഡിവിഷൻ ചെയർമാൻ സുകുമാരൻ്റെ നേതൃത്വത്തിലായിരുന്നു ടൂർണമെന്റിൻ്റെ നടത്തിപ്പ്. കൺവീനർ സുമോദ് സിയുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി പരിപാടിയുടെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചു. യുവജനങ്ങളിൽ കായികതാൽപര്യം വളർത്തുന്നതിനും കായികരംഗത്തെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള സമാജം നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. കായിക മികവ്, കൂട്ടായ്മ, സാമൂഹിക ഐക്യം എന്നിവ വളർത്തുന്നതിൽ ഈ മത്സരം ശ്രദ്ധേയമായ സംഭാവന നൽകിയതായി സംഘാടകർ അറിയിച്ചു.

Related Posts