മൈസൂരു സർക്കാർ ഹയർ പ്രൈമറി സ്കൂളിലെ അധ്യാപകർ വിദ്യാർഥികളെ ശൗചാലയം വൃത്തിയാക്കാൻ നിർബന്ധിച്ചെന്ന പരാതിയിൽ അന്വേഷണം. വിദ്യാഭ്യാസവകുപ്പ് ആണ് അന്വേഷണം തുടങ്ങിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലമായ വരുണ നിയമസഭാ മണ്ഡലത്തിലെ ബിലഗരേഹുണ്ടി ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. സിദ്ധരാജു എന്നയാൾ മകളെ കൊണ്ടുവിടാൻ സ്കൂൾ സന്ദർശിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
സ്കൂൾവളപ്പിലെ ജലസംഭരണിയിൽനിന്ന് വെള്ളംകോരിയാണ് കുട്ടികൾ ശൗചാലയം കഴുകിയിരുന്നത്. അപകടകരമായ സാഹചര്യത്തിലാണ് വിദ്യാർഥികൾ ജലസംഭരണിയിൽനിന്ന് വെള്ളംകോരുന്നത്. അധ്യാപകർ പറഞ്ഞതനുസരിച്ചാണ് വിദ്യാർഥികൾ ശൗചാലയം വൃത്തിയാക്കുന്നതെന്നാണ് വിദ്യാർഥികൾ പറഞ്ഞത്. സംഭവത്തിൽ സിദ്ധരാജു ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി.
“സ്കൂൾ പരിസരത്തുള്ള സമ്പിൽ നിന്ന് കുട്ടികൾ വെള്ളം കോരുന്നത് ഞാൻ കണ്ടു. ആദ്യം ആരോ അതിൽ വീണതാണെന്നാണ് ഞാൻ കരുതിയത്. ഞാൻ അവരോട് ചോദിച്ചപ്പോൾ, അധ്യാപകർ വെള്ളം കൊണ്ടുവരാനും ടോയ്ലറ്റുകൾ വൃത്തിയാക്കാനും പറഞ്ഞതായി വിദ്യാർത്ഥികൾ പറഞ്ഞു. സംഭവം ഞാൻ എൻ്റെ മൊബൈലിൽ പകർത്തി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർക്ക് (ബിഇഒ) പരാതി നൽകി. ബിഇഒയുടെ നിർദ്ദേശപ്രകാരം, പിന്നീട് ഞാൻ രേഖാമൂലം പരാതി നൽകി,” സിദ്ധരാജു പറഞ്ഞു.