വയലിൽ പുല്ല് വെട്ടുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ചാമരാജനഗർ താലൂക്കിലെ ബഡഗലപുര ഗ്രാമത്തിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ബഡഗലപുര സ്വദേശി ബസവണ്ണ (65) ആണ് മരിച്ചത്.

പശുക്കൾക്കായി വയലിൽ പുല്ല് വെട്ടുന്നതിനിടെയാണ് കടുവ ആക്രമിച്ചത്. ബസവണ്ണ വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് വയലിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൻ്റെ ചില ഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉയർന്നത്. കടുവയുടെ സാന്നിധ്യം സംബന്ധിച്ച് നേരത്തെയും മുന്നറിയിപ്പുകളും പരാതികളും നൽകിയിരുന്നെങ്കിലും ഫലപ്രദമായ നടപടികൾ ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വനംവകുപ്പിൻ്റെ അനാസ്ഥ ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങളും നൂറുകണക്കിന് ഗ്രാമവാസികളും പ്രതിഷേധിച്ചു.

പ്രദേശത്ത് കടുവയെ പിടികൂടുന്നതിനും മനുഷ്യവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ എത്തുന്നത് തടയുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബിലിഗിരി രംഗനാഥസ്വാമി കടുവ സംരക്ഷണ മേഖലയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ നാട്ടുകാരുമായി ചർച്ച നടത്തി. നഷ്ടപരിഹാരവും കുടുംബത്തിന് ആവശ്യമായ സഹായവും നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

Related Posts