അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) വ്യാപക പരിശോധന. കൊച്ചിയിലും വയനാട്ടിലുമായി അഞ്ച് സ്ഥലങ്ങളിലാണ് എസ്ഐടി ഒരേസമയം പരിശോധന നടത്തുന്നത്.

ആന്റോ അഗസ്റ്റിൻ്റെ കൊച്ചിയിലെ ഫ്ലാറ്റ്, സഹോദരന്മാരുടെ വീടുകൾ, ആർബിസിയുടെ കൊച്ചി ഓഫീസ്, വയനാട്ടിലെ കുടുംബവീട് എന്നിവിടങ്ങളിലാണ് പുലർച്ചെ നാലുമണിയോടെ ആരംഭിച്ച പരിശോധന തുടരുന്നത്. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്പോൺസർഷിപ്പ് ഉൾപ്പെടെ വിവിധ ഇടപാടുകളുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. എസ്ഐടി രൂപീകരിച്ചതിന് ശേഷം കേസിൽ കാര്യമായ നേരിട്ടുള്ള നടപടികൾ ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് അന്വേഷണ സംഘം വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റ് തെളിവുകളും പരിശോധനയിൽ ശേഖരിക്കുന്നതായാണ് വിവരം. കൂടുതൽ വിവരങ്ങൾ പരിശോധന പൂർത്തിയായ ശേഷമേ വ്യക്തമാകൂ.

Related Posts