ഗണേശ വിഗ്രഹ നിമജ്ജനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ സെപ്റ്റംബർ 16 മുതൽ 20 വരെ ഘട്ടംഘട്ടമായി മദ്യവിൽപ്പന നിരോധനം ഏർപ്പെടുത്തി. വലിയ തോതിലുള്ള ഗണേശ നിമജ്ജന ഘോഷയാത്രകൾ നടക്കുന്ന മേഖലകളിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിൻ്റെയും സുരക്ഷ ശക്തമാക്കുന്നതിൻ്റെയും ഭാഗമായാണ് നിയന്ത്രണം.

സെപ്റ്റംബർ 16 രാവിലെ 10 മണി മുതൽ സെപ്റ്റംബർ 17 പുലർച്ചെ 1 മണിവരെ ആർ.ടി. നഗർ, ജെ.സി. നഗർ, ഹെബ്ബാൾ, സഞ്ജയ് നഗർ, ഡി.ജെ. ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിലാണ് ആദ്യഘട്ട നിരോധനം.

സെപ്റ്റംബർ 18 രാവിലെ 10 മണി മുതൽ രാത്രി 11.59 വരെ സാമ്പിഗെഹള്ളി, അമൃതഹള്ളി, കോത്തന്നൂർ, ഹെന്നൂർ, ബാനസ്വാടി, ഗോവിന്ദപുര, കെ.ജി.ഹള്ളി, ഡി.ജെ.ഹള്ളി, പുലികേശി നഗർ, ഭാരതി നഗർ, കൊമേഴ്സ്യൽ സ്ട്രീറ്റ്, ശിവാജി നഗർ, ഇന്ദിരാനഗർ, ഹൽസൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ മദ്യവിൽപ്പന നിരോധിക്കും.

സെപ്റ്റംബർ 19 രാവിലെ 10 മണി മുതൽ സെപ്റ്റംബർ 20 പുലർച്ചെ 1 മണിവരെ ആർ.ടി. നഗർ, ജെ.സി. നഗർ, ഹെബ്ബാൾ, സഞ്ജയ് നഗർ, ഡി.ജെ. ഹള്ളി, ഭാരതി നഗർ, പുലികേശി നഗർ മേഖലകളിലും നിയന്ത്രണം തുടരും.

സെപ്റ്റംബർ 20 രാവിലെ 10 മണി മുതൽ രാത്രി 11.59 വരെ പുലികേശി നഗർ, ഭാരതി നഗർ, കൊമേഴ്സ്യൽ സ്ട്രീറ്റ്, ശിവാജി നഗർ, ഹലസൂർ പോലീസ് സ്റ്റേഷൻ പരിധികളിലാണ് മദ്യവിൽപ്പന നിരോധനം.

ഇതിന് പുറമെ യെലഹങ്ക ന്യൂ ടൗൺ, വിദ്യാരണ്യപുര പോലീസ് സ്റ്റേഷൻ പരിധികളിലും സെപ്റ്റംബർ 20ന് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംഭ്രം കോളജ് റോഡ് മുതൽ എം.എസ്. പാളയ, ജല്ലി മെഷീൻ സർക്കിൾ, ചിക്കബെട്ടഹള്ളി, ദൊഡ്ഡബെട്ടഹള്ളി, അട്ടൂർ മെയിൻ റോഡ്, ഡയറി സർക്കിൾ, 16 ബി മെയിൻ, ചിക്കബൊമ്മസാന്ദ്ര, എൽ.ബി.എസ്. നഗർ, ദൊഡ്ഡബൊമ്മസാന്ദ്ര, രാമചന്ദ്രപുര എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സെപ്റ്റംബർ 20 രാവിലെ 6 മണി മുതൽ രാത്രി 11.59 വരെ മദ്യവിൽപ്പന നിരോധിക്കും.

നിമജ്ജന ഘോഷയാത്രകൾ നടക്കുന്ന മേഖലകളിൽ ജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ സംഘർഷ സാധ്യതകളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിനാണ് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനം ബാധകമായ സമയങ്ങളിൽ മദ്യശാലകളും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളും മദ്യവിൽപ്പന നടത്താൻ പാടില്ല.

നഗരത്തിലെ മുഴുവൻ പ്രദേശങ്ങളിലും ഒരേ സമയം നിരോധനം ബാധകമല്ല. നിർദിഷ്ട പോലീസ് സ്റ്റേഷൻ പരിധികളിലും അധികൃതർ പ്രഖ്യാപിച്ച സമയക്രമത്തിലുമാണ് നിയന്ത്രണം നിലവിലുള്ളത്. ഗണേശ നിമജ്ജനവുമായി ബന്ധപ്പെട്ട് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ബന്ധപ്പെട്ട മേഖലകളിൽ ഏർപ്പെടുത്താനും സാധ്യതയുണ്ട്.

Related Posts