കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ അധിക സഹായം ആവശ്യമുള്ള യാത്രക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ ആരംഭിച്ചു. ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾ തുടങ്ങിയവർക്കാണ് പുതിയ സംവിധാനത്തിൻ്റെ പ്രയോജനം ലഭിക്കുക.
ഇത്തരം യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി വിമാനക്കമ്പനിയുടെ രണ്ട് പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ ടെർമിനലിൽ സജ്ജീകരിച്ചിട്ടുണ്ട്. ചെക്ക്-ഇൻ നടപടികൾ, ബോർഡിംഗ്, ബാഗേജ് കൈകാര്യം ചെയ്യൽ തുടങ്ങിയ ഘട്ടങ്ങളിൽ യാത്രക്കാർക്ക് ആവശ്യമായ സഹായം ഇവിടെ നിന്ന് ലഭ്യമാകും.
കാത്തിരിപ്പിനായി ചാർജിങ് പോയിന്റുകൾ ഉൾപ്പെടുന്ന 20 പ്രത്യേക സീറ്റുകളും ഒരുക്കിയിട്ടുണ്ട്. വിമാനത്തിനായി കാത്തിരിക്കുന്ന സമയത്ത് മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനും സൗകര്യമുണ്ടാകും. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി ബാഗേജ് കൈകാര്യം ചെയ്യുന്നതിനും പ്രത്യേക സഹായം നൽകും. യാത്രക്കാരിൽനിന്ന് ബാഗേജുകൾ ജീവനക്കാർ ശേഖരിച്ച് ബാഗേജ് ബെൽറ്റിലേക്ക് എത്തിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
പ്രത്യേക സഹായം ആവശ്യമുള്ള യാത്രക്കാർക്ക് ടെർമിനലിനുള്ളിൽ വിവിധ ഘട്ടങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് സംവിധാനത്തിൻ്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കാൻ പുതിയ സൗകര്യങ്ങൾ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
വിമാനത്താവളത്തിലെത്തുന്നതുമുതൽ വിമാനത്തിൽ കയറുന്നതുവരെയുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി ആവശ്യാനുസരണം ജീവനക്കാരുടെ സഹായവും ലഭ്യമാക്കും.