പ്രണയാഭ്യർഥന നിരസിച്ചതിൻ്റെ പേരിൽ അധ്യാപികയെ നഗ്നയാക്കി മരത്തിൽ കെട്ടിയിട്ടു ആക്രമിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ചിക്കമംഗളൂരു ജില്ലയിലെ കൊപ്പയിൽ 25-കാരിയായ സ്‌കൂളധ്യാപികയ്ക്കു നേരെയായിരുന്നു ക്രൂരത. സർക്കാർ സ്‌കൂളിൽ അധ്യാപികയായ യുവതി ജോലികഴിഞ്ഞു വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അധ്യാപികയുടെ വീടിനടുത്ത് താമസിക്കുന്ന ഭവിതാണ് (30) എന്നയാളാണ് ആക്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

നിരവധി തവണ ഇയാൾ പ്രണയാഭ്യർഥന നടത്തിയെങ്കിലും യുവതി താത്പര്യം പ്രകടിപ്പിച്ചില്ല. ഇതിൻ്റെ വൈരാഗ്യത്തിൽ പ്രതി ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ശിവമോഗയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. യുവതിയുടെ വായിൽ ചെളി തിരുകിയശേഷമാണ് ഭവിത് കടന്നുകളഞ്ഞത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

Related Posts