കർണാടകത്തിലെ ഹുബ്ബള്ളിയിൽ ഇഡി ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് മലയാളി ജൂവലറി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മൂന്നുകോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. ഓർഡർ പ്രകാരം ജൂവലറികളിൽ സ്വർണാഭരണങ്ങൾ എത്തിച്ചുനൽകിവന്ന സുദീനെയാണ് അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി കവർച്ചനടത്തിയത്. കർണാടക ഹുബ്ബള്ളിയിലെ ചെന്നമ്മ സർക്കിളിനടുത്തുനിന്ന് സുദീനെയും സഹായി വിവേകിനെയും സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഹിന്ദി സംസാരിക്കുന്നവരാണ് തട്ടിക്കൊണ്ടുപോയതെന്ന് സുദീൻ നൽകിയ പരാതിയിൽ പറഞ്ഞു. ഹുബ്ബള്ളി സബർബൻ പോലീസ് രജിസ്റ്റർ ചെയ്‌ത കേസ് അന്വേഷിക്കുന്നതിനായി സിറ്റി ക്രൈം ബ്യൂറോയ്ക്ക് കൈമാറി. സിസിടിവിയിൽനിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചാണ് അന്വേഷണം.

ഹുബ്ബള്ളി, ബെളഗാവി, ധാർവാഡ് എന്നിവിടങ്ങളിലെ ജൂവലറികളിൽ ഓർഡർ എടുത്ത് സ്വർണാഭരണങ്ങൾ നൽകാനെത്തിയതായിരുന്നു രണ്ടുപേരും. ഹുബ്ബള്ളിയിലെ ഒരു ഹോട്ടലിലായിരുന്നു താമസം. ധാർവാർഡിൽ പോയി ഓർഡർ എടുത്തശേഷം ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് ഇഡി ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് വ്യാജ തിരിച്ചറിയിൽ കാർഡ് കാണിച്ച് ഇവരെ തട്ടിക്കൊണ്ടുപോയത്. ചോദ്യംചെയ്യണമെന്ന് പറഞ്ഞ് സംഘത്തിൻ്റെ കാറിൽ ഇവരെ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന 2.942 കിലോ ഗ്രാം സ്വർണാഭരണങ്ങളും രണ്ടുലക്ഷം രൂപയും കവരുകയായിരുന്നു. പിന്നീട് വിവേകിനെ സംഘം കിട്ടൂരിലും സുദീനെ എംകെ ഹുബ്ബള്ളിയിലും ഇറക്കിവിടുകയായിരുന്നു.

Related Posts