ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഡെങ്കിപ്പനി പ്രതിരോധ വാക്സിൻ ‘ഡെങ്കിഓൾ’ (DengiAll) 2027 അവസാനത്തോടെ ലഭ്യമാകുമെന്ന് പ്രതീക്ഷ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR)യും പനേസിയ ബയോടെക്കും സഹകരിച്ചാണ് വാക്സിൻ വികസിപ്പിക്കുന്നത്.
വാക്സിൻ്റെ നിർണായകമായ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലായി ഏകദേശം 13,000 സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തിയാണ് പരീക്ഷണം നടത്തുന്നത്. പരീക്ഷണത്തിൻ്റെ ഫലം അടുത്ത വർഷം അവസാനത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാക്സിൻ്റെ സുരക്ഷയും കാര്യക്ഷമതയും സംബന്ധിച്ച വിവരങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ അനുമതികൾ നൽകുക. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) ഉൾപ്പെടെയുള്ള ആവശ്യമായ അനുമതികൾ ലഭിച്ചാൽ 2027ൽ തന്നെ വാക്സിൻ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഡെങ്കിപ്പനിക്ക് കാരണമാകുന്ന വൈറസിൻ്റെ നാല് പ്രധാന സിറോടൈപ്പുകൾക്കെതിരെയും ഒരേസമയം പ്രതിരോധം നൽകാൻ ലക്ഷ്യമിടുന്ന ഒറ്റ ഡോസ് വാക്സിനായാണ് ഡെങ്കിഓൾ വികസിപ്പിക്കുന്നത്. രാജ്യത്ത് ഡെങ്കിപ്പനി വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്സിൻ്റെ പരീക്ഷണ പുരോഗതി ഏറെ ശ്രദ്ധേയമാണ്.