ഝാർഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് അപ്രതീക്ഷിത തിരിച്ചടി. സഖ്യത്തിനുള്ളിൽ നടന്ന ക്രോസ് വോട്ടിംഗിനെ തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെടുകയും എൻഡിഎ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി പരിമൾ നത്വാനി വിജയിക്കുകയും ചെയ്തു.
ഒഴിവുവന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒരു സീറ്റിൽ ജെഎംഎമ്മിൻ്റെ ബെദ്യനാഥ് റാം വിജയിച്ചപ്പോൾ, മറ്റൊരു സീറ്റിൽ എൻഡിഎ പിന്തുണയോടെ മത്സരിച്ച പരിമൾ നത്വാനി ജയിച്ചു.
81 അംഗ നിയമസഭയിൽ വിജയത്തിനായി 28 വോട്ടുകൾ ആവശ്യമായിരുന്നു. ഇന്ത്യ സഖ്യത്തിന് ആകെ 56 എംഎൽഎമാരുള്ളതിനാൽ രണ്ട് സീറ്റുകളും അനായാസം നേടാമെന്നായിരുന്നു വിലയിരുത്തൽ. ജെഎംഎമ്മും കോൺഗ്രസും ഓരോ സ്ഥാനാർഥികളെ വീതം മത്സരിപ്പിച്ചിരുന്നു.
എന്നാൽ സഖ്യത്തിനുള്ളിലെ ഭിന്നതകൾ മുതലെടുത്ത് ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയെ രംഗത്തിറക്കി. എൻഡിഎയ്ക്ക് വെറും 24 എംഎൽഎമാരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, സഖ്യകക്ഷികളിൽ നിന്ന് ലഭിച്ച അധിക വോട്ടുകളുടെ ബലത്തിൽ പരിമൾ നത്വാനി 28 വോട്ടുകൾ നേടി വിജയിച്ചു.
ജെഎംഎം സ്ഥാനാർഥി ബെദ്യനാഥ് റാം 30 വോട്ടുകൾ നേടിയപ്പോൾ, കോൺഗ്രസ് സ്ഥാനാർഥി പ്രണവ് ഝായ്ക്ക് ലഭിച്ചത് 20 വോട്ടുകൾ മാത്രമാണ്. മൂന്ന് വോട്ടുകൾ അസാധുവായതും കോൺഗ്രസിന് തിരിച്ചടിയായി.