ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ജയിലിൽ തുടരും. ബുധനാഴ്‌ച ജാമ്യം തേടി ദുർഗിലെ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല. തങ്ങൾക്ക് മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയതിനാൽ ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്നായിരുന്നു സെഷൻസ് കോടതിയുടെ നിലപാട്. ബിലാസ്‌പുരിലെ എൻഐഎ കോടതിയെ വിഷയത്തിൽ സമീപിക്കാനും കോടതി നിർദേശിച്ചു.

കോടതിക്ക് പുറത്ത് ബജ്റങ്‌ദൾ പ്രവർത്തകരുടെ വൻ ആഘോഷപ്രകടനം അരങ്ങേറി. ബുധനാഴ്‌ച രാവിലെ മുതൽ തന്നെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന വിവരമറിഞ്ഞ് ജ്യോതിശർമ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിൽ ബജ്റങ്‌ദൾ പ്രവർത്തകർ കോടതിക്ക് മുന്നിൽ തടിച്ചുകൂടിയിരുന്നു.

പ്രവർത്തകർ കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യവും മുഴക്കി. കേസ് പരിഗണിച്ചതിന് പിന്നാലെ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയില്ലെന്ന് ബജ്റങ്ദിൻ്റെ അഭിഭാഷകർ പുറത്തെത്തി അറിയിച്ചു. ബജ്‌റങ്‌ദൾ പ്രവർത്തകർ ഇതോടെയാണ് കരഘോഷം മുഴക്കി മുദ്രാവാക്യം വിളികളുമായി ആഘോഷങ്ങൾ ആരംഭിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച‌യാണ് മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് കന്യാസ്ത്രീകളെ ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്ത‌ത്. സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരാണ് ഛത്തീസ്‌ഗഢിൽ അറസ്റ്റിലായത്.

ദുർഗ് റെയിൽവേ സ്റ്റേഷനിൽ ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലിചെയ്യുന്ന ഇവർ ഗാർഹിക ജോലികൾക്കായി മൂന്നു പെൺകുട്ടികളെ കുട്ടിക്കൊണ്ടുപോകാനായി എത്തിയതാണ്. കൂടെ ഒരു പെൺകുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ബജ്റങ്‌ദൾ പ്രവർത്തകർ ഇതിനിടെ ഇവരെ തടഞ്ഞു വെക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.

Related Posts