ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഇടുക്കി അണക്കരയിൽ 2 കുട്ടികൾ മരിച്ചു. ബൈക്ക് യാത്രികരായ അണക്കര സ്വദേശികളായ അലൻ കെ ഷിബു(17), ഷാനെറ്റ് ഷൈജു(17) എന്നിവരാണ് മരിച്ചത്. ഇടുക്കി അണക്കര ചെല്ലാർകോവിൽ ഗാന്ധിനഗറിന് സമീപം ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടോരയോടെയായിരുന്നു സംഭവം. തൊഴിലാളികളുമായി ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞ് കമ്പംമെട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബൈക്ക് യാത്രികരായ കുട്ടികൾ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണു. ഇരുവരെയും ഉടൻതന്നെ ആംബുലൻസിൽ പുറ്റടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്ലസ്ടു കഴിഞ്ഞ് ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു സുഹൃത്തുക്കളായ ഇരുവരും. പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വണ്ടൻമേട് പോലീസ് കേസെടുത്തു.