പരസഹായമില്ലാതെ കാഴ്ചപരിമിതർക്ക് ബസുകൾ തിരിച്ചറിയാനുള്ള സംവിധാനവുമായി ബെംഗളൂരു മെട്രൊപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ(ബിഎംടിസി). ഇത് സാധ്യമാക്കുന്നത് ഓൺബോർഡ് എന്ന് പേരിട്ടിരിക്കുന്ന ഉപകരണം ഉപയോഗിച്ചാണ്. സ്റ്റോപ്പിലേക്കുവരുന്ന ബസ് ഏതു റൂട്ടിൽ സർവീസ് നടത്തുന്നതാണെന്ന് അറിയാൻ സാധിക്കുന്നതിനൊപ്പം നിർത്താനുള്ള സന്ദേശം ഡ്രൈവർക്ക് കൈമാറാനും കഴിയും.

മുൻവശത്തെ ബസിന്‍റെ ചില്ലിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറും ഓൺബോർഡ് ഉപകരണവും ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. ബസ് സ്റ്റോപ്പിലേക്കെത്തുമ്പോൾ ഉപകരണത്തിലെ ബട്ടൺ അമർത്തിയാൽ ബസിന്‍റെ റൂട്ട് നമ്പർ സ്പീക്കറിലൂടെ കേൾക്കാൻ സാധിക്കും. ബസിൽ കയറണമെങ്കിൽ അതിനും ബട്ടൺ അമർത്താം. അപ്പോൾ കാഴ്ചപരിമിതിയുള്ള ഒരാൾ കയറാനുണ്ടെന്ന സന്ദേശം ബസിൽ ലഭിക്കും. അതിനാൽ, ഈ യാത്രക്കാരന് സാവകാശം കയറാൻ വേണ്ടി ബസ് കൂടുതൽ സമയം നിർത്തിയിടാനും സാധിക്കും.

ഉപകരണത്തിന്‍റെ സ്പീക്കറിലൂടെ ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിന് തൊട്ടുമുൻപ് ഈ വിവരവും അറിയാം. 25 ബിഎംടിസി ബസുകളിലാണ് നിലവിൽ സംവിധാനം പരീക്ഷണാർഥം ഏർപ്പെടുത്തിയിട്ടുള്ളത്. കാഴ്ചപരിമിതരായ 25 പേർക്ക് ഉപകരണം നൽകിയിട്ടുമുണ്ട്. പരീക്ഷണം വിജയിച്ചാൽ നഗരത്തിൽ നഗരത്തിൽ പരമാവധി കാഴ്ചപരിമിതർക്ക് ഇത് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

Related Posts