ഇ-നിയമസഭ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇ-നിയമസഭ പദ്ധതി പ്രവർത്തനങ്ങളും ചെലവഴിച്ച തുകയും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശൻ സ്പീക്കർക്ക് കത്ത് നൽകി. പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട നിയമസഭ ഉന്നതതല സമിതി യോഗം ഉടൻ വിളിച്ചു ചേർക്കണമെന്നും സതീശൻ കത്തിൽ ആവശ്യപ്പെട്ടു.
സാമാജികർ ഉൾപ്പെടുന്ന ഉന്നതതല സമിതി പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ടു രൂപീകരിച്ചിട്ടുണ്ടെങ്കിലും യഥാസമയം യോഗങ്ങൾ ചേർന്ന് വസ്തുതകൾ ബോധ്യപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടില്ലെന്നത് വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇതുവരെ 21.06.23 ന് ശേഷം ഉന്നതതല സമിതി യോഗം ചേർന്നിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് സമിതി അംഗങ്ങളായ യു.ഡി.എഫ് എം.എൽ.എമാർ 12.06.25ന് സ്പിക്കർക്ക് കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.