നെയ്യാറ്റിൻകരയിൽ 22-കാരനായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാലുപേരെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. ബിജു അഥവാ പൊടിയൻ, മകൻ മിഥിൻ, സഹോദരൻ വിജിൻ, ഒരു പ്രായപൂർത്തിയാകാത്തയാൾ എന്നിവരാണ് പിടിയിലായത്.

കാഞ്ഞിരംകുളം ആലുനിന്നകുഴിയിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടത് മനോജ് എന്ന മനുവാണ്. സംഭവസമയത്ത് പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ.

മിഥിൻ്റെ വീട്ടിൽ സഹോദരനെ കാണാനെത്തിയ യുവാവിൻ്റെ ബൈക്കിൽ പെട്രോൾ നിറച്ചശേഷം ബൈക്ക് അമിതവേഗത്തിൽ റേസ് ചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കമായത്. ബൈക്കിൻ്റെ അമിതശബ്ദവും അപകടകരമായ ഓട്ടവും സമീപവാസിയായ മനോജ് ചോദ്യം ചെയ്തതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടായി.

തർക്കം പിന്നീട് സംഘർഷമായി മാറുകയും മനോജിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Related Posts