സംസ്ഥാനത്തിൻ്റെ വടക്കൻ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുമ്പോൾ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മരങ്ങൾ കടപുഴകിവീഴൽ, വൈദ്യുതി തടസ്സം തുടങ്ങിയ അപകടസാധ്യതകളും മുന്നറിയിപ്പിലുണ്ട്.
മോശം കാലാവസ്ഥയും കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും കണക്കിലെടുത്ത് കേരള തീരത്ത് മത്സ്യബന്ധന വിലക്ക് തുടരും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.
വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം. നാളെയും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.