ബെംഗളൂരുവിൽ പാർക്കിങ് നിയമലംഘനത്തെ തുടർന്ന് വാഹനങ്ങൾ ടോവിങ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ വർധിപ്പിച്ചതിനെതിരെ വാഹന ഉടമകളുടെ പ്രതിഷേധം ശക്തമാകുന്നു. ടോവിങ് സംവിധാനം പുനരാരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോഴേക്കും പിഴയുടെ പേരിൽ വൻതുക ഈടാക്കുന്നതാണ് വ്യാപക വിമർശനത്തിന് ഇടയാക്കിയത്. പാർക്കിങ് നിയമലംഘനത്തിനുള്ള യഥാർത്ഥ പിഴയെക്കാൾ കൂടുതലാണ് ടോവിങ് ചാർജെന്നതാണ് പ്രധാന പരാതി.

പുതിയ നിരക്ക് പ്രകാരം, നോ-പാർക്കിങ് മേഖലയിൽ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾക്ക് ആകെ 1,150 രൂപ അടയ്ക്കണം. ഇതിൽ 500 രൂപ ട്രാഫിക് പിഴയും 650 രൂപ ടോവിങ് ചാർജുമാണ്. കാറുകൾക്ക് 1,000 രൂപ ട്രാഫിക് പിഴയ്ക്കൊപ്പം 1,000 രൂപ ടോവിങ് ചാർജും ചേർത്ത് 2,000 രൂപ ഈടാക്കുന്നു. മുൻപ് ഇരുചക്ര വാഹനങ്ങൾക്ക് 200 രൂപയും കാറുകൾക്ക് 300 രൂപയുമായിരുന്ന ടോവിങ് നിരക്കാണ് ഇപ്പോൾ പലമടങ്ങ് ഉയർന്നത്.

ഈ നിരക്കുവർധനവ് സാധാരണ വാഹനയാത്രക്കാരെ സാമ്പത്തികമായി ബാധിക്കുന്നതാണെന്നും നഗരത്തിൽ ആവശ്യത്തിന് പാർക്കിങ് സൗകര്യങ്ങൾ ഒരുക്കാതെ ഇത്തരത്തിൽ ഉയർന്ന പിഴ ഈടാക്കുന്നത് നീതിയല്ലെന്നും വാഹന ഉടമകൾ ആരോപിക്കുന്നു. നിരക്കുകൾ ഉടൻ പുനഃപരിശോധിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

അതേസമയം, ഒരേ ടോവിങ് വാഹനത്തിൽ ഒരേസമയം നിരവധി ഇരുചക്ര വാഹനങ്ങൾ കയറ്റിക്കൊണ്ടുപോകുമ്പോഴും ഓരോ വാഹനത്തിനും 650 രൂപ വീതം ഈടാക്കുന്നതിൻ്റെ യുക്തിയും ചോദ്യം ചെയ്യപ്പെടുന്നു. ഒരു കാറിനെ മാറ്റാൻ മുഴുവൻ ടോവിങ് വാഹനവും ആവശ്യമായിരിക്കെ, ഇരുചക്ര വാഹനങ്ങളിൽ നിന്ന് ഏകദേശം സമാന തുക ഈടാക്കുന്നത് സേവനച്ചെലവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് യാത്രക്കാരുടെ വിമർശനം. നിലവിലെ ടോവിങ് ചാർജ് ഘടന പുനഃപരിശോധിച്ച് ന്യായമായ നിരക്കുകൾ നിശ്ചയിക്കണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Posts